രാജ്യത്തെ ഏറെ ചര്‍ച്ചയായ ആനുകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വേറിട്ടൊരു വീക്ഷണരീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ‘ജന ഗണ മന’.
ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂണ്‍ രണ്ടിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ജനഗണ മനക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തെ പുകഴ്ത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ടി.എന്‍. പ്രതാപനാണ്.
‘ജന ഗണ മന’ ഒരു ഇന്ത്യന്‍ സിനിമയാണെന്നും രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്‌നേഹമുള്ള ഓരോരുത്തരും കാണാന്‍ ശ്രമിക്കേണ്ട സിനിമയാണെന്നും പ്രതാപന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപന്റെ പ്രതികരണം.
‘ജന ഗണ മന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ ട്രെന്‍ഡിങ് ഒന്നായി തുടരുകയാണ്. എന്റെ സുഹൃത്തുക്കളായ ഷാരിസ് എഴുതി, ഡിജോ സംവിധാനം ചെയ്ത ഈ മലയാള ചിത്രം, അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പേരിലാണ് കൂടുതല്‍ ശ്രദ്ധേയമായത്. നേരത്തേ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ച് വലിയ വിജയം നേടിയെങ്കിലും പല തിരക്കുകള്‍ കാരണം തിയേറ്റര്‍ അനുഭവം ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഇരിക്കെ തൃക്കാക്കര തെരഞ്ഞെടുപ്പ് തിരക്കുകളൊക്കെ കഴിഞ്ഞിരിക്കെ ഇന്ന് ഡിജോ, ഷാരിസ്, സലീം തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമൊപ്പം സിനിമ കണ്ടു.
നമ്മുടെ രാജ്യത്ത് ഏറെ പ്രധാനപ്പെട്ട കുറെയധികം ചോദ്യങ്ങളുള്ളില്‍ തറക്കുംപോലെ തന്നെ ഈ സിനിമ ഉയര്‍ത്തുന്നുണ്ട്. പൃത്വിരാജിന്റേയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനം ത്രസിപ്പിക്കുന്നതായി. മംമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി, ധന്യ അനന്യ തുടങ്ങിയ അഭിനേതാക്കളും മനസ്സിലുറക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവെച്ചത്. സുരാജിന്റെ കഴിഞ്ഞ കുറച്ചുനാളായുള്ള മിക്ക കഥാപാത്രങ്ങളും ഗംഭീരമാകുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. ‘ജനഗണമന’യിലും അതുതന്നെ. എന്നാല്‍ താരതമ്യേന കുറെ സമയമില്ലെങ്കിലും സിനിമയില്‍ പൃഥ്വിരാജ് തകര്‍ത്താറാടി എന്നുവേണം പറയാന്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019ലെ ഡിസംബറില്‍ ദല്‍ഹിയില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ ജാമിഅ, ഷാഹീന്‍ബാഗ് തുടങ്ങിയ സമര സ്ഥലങ്ങളില്‍ ഞാന്‍ നേരിട്ട് പല തവണ പോയതാണ്. അന്ന് ജാമിഅയിലെ സമരത്തെയും അതിനെ ഭരണകൂടം നേരിട്ട രീതികളെയും കൃത്യമായി ഞാന്‍ കണ്ടതാണ്. സി.എ.എ സമരങ്ങളുടെ പ്രധാന കേന്ദ്രമായി സ്വാതന്ത്ര്യ സമര ചരിത്രമുള്ള ജാമിഅ മില്ലിയ മാറിയപ്പോള്‍ അമിത് ഷായുടെ പൊലീസ് അതിക്രൂരമായാണ് ആ സര്‍വകലാശാലയെയും അവിടുത്തെ വിദ്യാര്‍ത്ഥികളെയും നേരിട്ടത്. അത്തരം ദൃശ്യങ്ങളുടെ പ്രതിനിധാനമടക്കം നിരവധി സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ സിനിമ കാണിക്കുന്നുണ്ട്.
ധന്യയുടെ കഥാപാത്രം രോഹിത് വെമുലയെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. രോഹിത്തിനെപോലെ ഫാത്തിമ ലത്തീഫിനെ പോലെ അക്കാദമിക രംഗത്തെ ജാതീയ അഗ്രഹാരങ്ങളില്‍ ജീവിതങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഉച്ചത്തില്‍ തന്നെയാണ് സിനിമ സംസാരിക്കുന്നത്. ഇത്തരം വിഷയങ്ങളെ മലയാള സിനിമ ഇതിന് മുന്‍പ് ഇതുപോലെ പ്രശ്നവത്കരിക്കുകയും പ്രമേയമാക്കുകയും അവതരിപ്പിക്കുകയും ചെയ്ത വേറെ സിനിമ ഇല്ലെന്ന് തോന്നുന്നു,’ പ്രതാപന്‍ പറഞ്ഞു.
ജനഗണമന എന്ന സിനിമയുടെ കാലികപ്രസക്തി ഏറ്റവും കൂടുതല്‍ വ്യക്തമാക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം വന്ന ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ടെത്തല്‍. ഈ സിനിമയുടെ ആധാരവും അങ്ങനെയൊരു ഏറ്റുമുട്ടലിന്റെയാണ്. രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ചലച്ചിത്രം ഉയര്‍ത്തുന്ന വ്യവഹാരം ഏറെ പ്രധാനപ്പെട്ടതാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
അസമില്‍ മാത്രം നടക്കുന്ന വ്യാജ ഏറ്റമുട്ടലുകളെ കുറിച്ച് അസം ഹൈക്കോടതി ഏറെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്ത് ഇശ്രത് ജഹാന്റെ അടക്കം പ്രമാദമായ ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നു എന്ന് പിന്നീട് ലോകം മനസ്സിലാക്കിയതാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളുടെ സത്യമെന്താണെന്ന ചോദ്യം ഉയര്‍ത്തപ്പെടേണ്ടതാണെന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു. സിനിമയെ ഒരു കലാരൂപം എന്ന നിലക്ക് കാണുമ്പോള്‍ തന്നെ അതുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍ കൂടി പ്രേക്ഷകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതങ്ങനെ പ്രേക്ഷക ലക്ഷങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഷാരിസിന്റെ കഥക്കും തിരക്കഥക്കും ഒപ്പം തന്നെ ഷാരിസ് എഴുതുന്ന സംഭാഷണങ്ങള്‍ക്കും പ്രത്യേകമായ ഒരു പ്രൗഢിയുണ്ട്. നേരത്തേ ക്വീന്‍ സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന കത്തുന്ന ഡയലോഗുകളും എല്ലാം ശരിയാകും സിനിമയിലെ സിദ്ദീഖിന്റെ കഥാപാത്രം പറയുന്ന ചിന്തിപ്പിക്കുന്ന ഡയലോഗുകളും മലയാളികളുടെ മനസ്സില്‍ കുടിയിരുത്തപ്പെട്ടതാണ്. എന്നാല്‍ എല്ലാത്തിലും മേലെയാണ് രാജുവിന്റെ കഥാപാത്രം പറയുന്ന കനല്‍ നിറഞ്ഞ വാക്കുകള്‍. ‘ഇത് നമ്മുടെ രാജ്യം’ എന്ന വാചകം വര്‍ത്തമാന ഇന്ത്യയുടെ ദയനീയമായ സാഹചര്യത്തെ മുന്‍നിര്‍ത്തി ഐക്യത്തോടെ വിളിച്ചുപറയേണ്ട ഒന്നാണല്ലോ.
ഡിജോ വലിയ ഭാവിയുള്ള സംവിധായകനാണ് എന്ന് സന്തോഷത്തോടെ പ്രവചിക്കട്ടെ. ക്വീന്‍ സിനിമയില്‍ തന്നെ ശ്രദ്ധ നേടിയ ഡിജോ കൈരളി ടി.എം.ടി പരസ്യത്തിലൂടെ ലാലേട്ടനെ മനോഹരമായി അവതരിപ്പിച്ചതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ‘ജനഗണമന’യില്‍ എത്തുമ്പോള്‍ ഇത്ര വിശാലമായ ഒരു ക്യാന്‍വാസുള്ള കഥാപരിസരത്തെ എത്ര നല്ല കൈയ്യടക്കത്തോടെയാണ് ഡിജോ സംവിധാനിച്ചത്. ഇനിയും മനോഹരമായ ഒരുപാട് നല്ല സിനിമകളുണ്ടാകട്ടെ എന്നാശംസിക്കുന്നു,’ ടി.എന്‍. പ്രതാപന്‍ വ്യക്തമാക്കി.
Content Highlights: TN Prathapan says ‘Jana Gana Mana’ is an Indian film; Everyone who loves the country should try to see