തൃശ്ശൂര്‍: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി തനിക്കെതിരെ അത്രമേല്‍ വേദനിപ്പിക്കുന്ന അപവാദ പ്രചരണമാണ് നടത്തിയതെന്നും താനും അവര്‍ക്കെതിരെ നിയമനടപടി നടത്തിവരുന്നുണ്ടെന്നും ടി.എന്‍. പ്രതാപന്‍ എം.പി. തനിക്കെതരെ അപവാദ പ്രചരണം നടത്തിയ മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് എം.പിയും പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
‘മാധ്യമ പ്രവര്‍ത്തനമെന്ന പേരില്‍ തികഞ്ഞ തെമ്മാടിത്തരമാണ് ഈ യൂട്യൂബ് ചാനലിന്റെ മെയിന്‍. മാധ്യമ നൈതികത എന്താണെന്ന് പോലും അറിയാത്തവരാണ് അതിലുള്ള മുഴുവന്‍ ആളുകളും എന്ന് തോന്നിയിട്ടുണ്ട്. എനിക്കെതിരെ അത്രമേല്‍ വേദനിപ്പിക്കുന്ന അപവാദ പ്രചരണമാണ് അവര്‍ നടത്തിയത്.
ഞാനും മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി നടത്തിവരുന്നുണ്ട്. താങ്കള്‍ ഇപ്പോള്‍ എടുത്ത ഈ നിലപാട് നമ്മുടെ മാധ്യമ രംഗത്തിന് ഒരു തിരുത്തും, സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ജേര്‍ണലിസത്തില്‍ പേരില്‍ നുണപ്രചരണം നടത്തുന്നവര്‍ക്ക് നൈതികതയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാവും. In solidarity with you?’ പ്രതാപന്‍ കമന്റ് ചെയ്തു.
അതേസമയം സിനിമാക്കാരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് പൃഥ്വിരാജിന് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. ചാണ്ടി ഉമ്മനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മറുനാടനെ വിമര്‍ശിച്ച് രംഗത്തെത്തി. ഷാജന്‍ സ്‌കറിയയ്ക്ക് നുണകളും വിദ്വേഷവും മാത്രമേ പ്രചരിപ്പിക്കാനറിയൂ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ കുറിച്ചത്.
മറുനാടനെതിരെ രൂക്ഷമായ പ്രതികരണമാണ് നടന്‍ പൃഥ്വിരാജ് ഇന്ന് നടത്തിയത്. വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമ ധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണെന്ന് നടന്‍ തിരിച്ചടിച്ചു.
ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണെന്നും സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.