| Friday, 8th April 2022, 2:52 pm

പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയില്‍: ടി.എന്‍. പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി ടി.എന്‍. പ്രതാപന്‍ എം.പി.

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.

പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നു.

അതേസമയം, ദേശീയപാതയില്‍ 60 കി.മീറ്ററില്‍ ഒരു ടോള്‍ പ്ലാസയെ ഉണ്ടാവുകയുള്ളൂ എന്നും അധികമായത് മൂന്ന് മാസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്നും നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഏറ്റവും ഒടുവിലായി ദേശീയപാത അതോറിറ്റി നല്‍കിയ വിവരത്തില്‍ 2021 ഒക്ടോബര്‍ 31 വരെ 957.68 കോടി രൂപ കരാര്‍ കമ്പനി പിരിച്ചെടുത്തതായി പറയുന്നു.

ജൂണ്‍ 2020 മുതല്‍ ഒക്ടോബര്‍ 2021 നിടെ 155.99 കോടിയാണ് പിരിച്ചത്. ദേശീയപാതയുടെ നിര്‍മാണച്ചെലവ് കേവലം 721.174 കോടി രൂപയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ടോള്‍ പിരിവിനുള്ള കാലാവധി 2026 ല്‍ നിന്ന് 2028 വരെ ദേശീയ പാത അതോറിറ്റി നീട്ടി നല്‍കിയിരുന്നു.

Content Highlights:  TN Prathapan MP Says Nithin Gadkari has said that the closure of the Paliyekkara toll plaza on National Highway 544 in Thrissur district could be considered. 

We use cookies to give you the best possible experience. Learn more