കോഴിക്കോട്: എ.ഐ.സി.സി യോഗത്തില്‍ കാര്‍ഷിക പ്രമേയം അവതരിപ്പിച്ച അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. ഇംഗ്ലീഷും ഹിന്ദിയും പ്രാവീണ്യമില്ലാത്ത താന്‍ യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ അതിലെ പോരായ്മകളെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണം തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടി.എന്‍ പ്രതാപന്‍ മാര്‍ച്ച് 17 ലെ പ്ലീനറി യോഗത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
“മാര്‍ച്ച് 17 ന്യൂദല്‍ഹി. 84-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനവേദി. കാര്‍ഷിക പ്രമേയ അവതരണം. കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വായന-പ്രസംഗം. ശേഷം
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുന്നു.
എനിക്ക് അമ്പരപ്പ് ഉണ്ടായിരുന്നില്ല. തലേദിവസം “വാര്‍ റൂമില്‍” വെച്ച് പറഞ്ഞിരുന്നു. സാംപിട്രോഡയും മുകുള്‍ വാസ്നിക്കും. “പ്രസംഗിക്കണം”. ഇംഗ്ലീഷ്-ഹിന്ദി ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഞാനോ ? സഭാകമ്പം ഇല്ലെങ്കിലും എന്തോ ഒന്ന് മനസ്സില്‍…”
പിന്നീട് തലേദിവസം ഉറക്കമിളച്ചിരുന്ന് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രസംഗത്തിനിടയിലെ പരിമിതികളില്‍ പരിഹസിക്കുന്ന ചിലരെയാണ് പിറ്റേന്ന് താന്‍ കണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
“എല്ലാവര്‍ക്കും സഹിക്കണമെന്നില്ല. പൊരുത്തപ്പെടുവാന്‍
കഴിയണമെന്നുമില്ല. അവര്‍ പറയുന്ന, എഴുതുന്ന ഭാഷയൊന്നും എനിക്ക് അറിയില്ലല്ലോ. ശരിയാണ് – ഞാന്‍ എഴുതി വായിച്ചു. എന്റെ വായനക്ക് കരുത്ത് ഉണ്ടായിരിക്കില്ല. സ്പഷ്ടത തീരെ വന്ന് കാണില്ല. എന്റെ ഇംഗ്ലീഷ് “പണ്ഡിതശ്രേഷ്ഠന്മാര്‍ക്ക്” മനസ്സിലാവണമെന്നില്ല. ഉറപ്പാണ്. എനിക്കറിയാം എന്റെ പരിമിതികള്‍. പോരായ്മകള്‍. നൂറ് ശതമാനം തിരിച്ചറിയാം.
പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിക്കുന്ന ചിലരെ ഞാന്‍ കണ്ടു. പൊട്ടിച്ചിരിക്കുന്ന മറ്റ് ചിലരേയും കണ്ടു. അവരില്‍ പലരും എന്റെ അടുത്തവരെന്ന് അഭിനയിക്കുന്നവര്‍. കെട്ടിപിടിക്കുന്നവര്‍. സാധാരണക്കാരന്റെ ബന്ധുക്കള്‍ എന്ന് പറയുന്നവര്‍. കഷ്ടം, മഹാകഷ്ടം, ഇതാണ് നമ്മുടെ പല “മഹാന്മാരു”ടേയും മനസ്സ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. നന്ദി. പരിഭവമില്ലാത്ത നന്ദി.”
Also Read: യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; നാലുപേര്‍ക്ക് പരിക്ക്
പ്ലീനറി യോഗത്തില്‍ ടി.എന്‍ പ്രതാപന്റെ ഭേദഗതി മാത്രമാണ് അംഗീകരിക്കപ്പെട്ടത്. സാമ്പത്തിക പ്രമേയം അവതരിപ്പിച്ച പി.ചിദംബരം, പ്രതാപന്റെ ഭേദഗതി നിര്‍ദ്ദേശം പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് അംഗീകാരം തേടുകയായിരുന്നു. സുനാമിക്ക് ശേഷം മത്സ്യമേഖലയും മത്സ്യതൊഴിലാളികളും പ്രതിസന്ധി നേരിടുകയാണെന്നും ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായെന്നും ഭേദഗതിയില്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.
കടലും കടല്‍ സമ്പത്തും കോര്‍പറേറ്റുകള്‍ കൈയടക്കുമ്പോള്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവര്‍ ആത്മഹത്യാ ഭീഷണിയിലാണെന്ന് മത്സ്യബന്ധന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂടിയായ ടി.എന്‍. പ്രതാപന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
“”വക്ത് ഹേ ബദലാവ് കാ””
ടി.എന്‍. പ്രതാപന്‍
മാര്‍ച്ച് 17 ന്യൂഡല്‍ഹി. 84-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനവേദി. കാര്‍ഷിക പ്രമേയ അവതരണം. കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വായന-പ്രസംഗം. ശേഷം
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുന്നു.
എനിക്ക് അമ്പരപ്പ് ഉണ്ടായിരുന്നില്ല. തലേദിവസം “വാര്‍ റൂമില്‍” വെച്ച് പറഞ്ഞിരുന്നു. സാംപിട്രോഡയും മുകുള്‍ വാസ്നിക്കും. “പ്രസംഗിക്കണം”. ഇംഗ്ലീഷ്-ഹിന്ദി ഭാഷയില്‍ പ്രാവീണിമില്ലാത്ത ഞാനോ ? സഭാകമ്പം ഇല്ലെങ്കിലും എന്തോ ഒന്ന് മനസ്സില്‍…
മാര്‍ച്ച് പതിനേഴിന് രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് പുലര്‍ച്ചെ രണ്ട് മണി വരെ ഉറക്കമിളച്ചിരുന്നു. ഞാന്‍ മലയാളത്തിലെഴുതി. ജാമിയമില്ല്യ യൂണിവേഴ്സിറ്റിയിലെ കൊടുങ്ങല്ലൂര്‍ക്കാരനായ എന്റെ സഹോദരതുല്യന്‍ വിദ്യാര്‍ത്ഥി ഹമീദ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.
മലയാളം മാത്രം എഴുതുവാനും പറയുവാനും അറിയുന്ന ഞാന്‍ എ.ഐ.സി.സി. സമ്മേളനത്തില്‍ പ്രസംഗിക്കുകയോ ? ദേശീയ നേതാക്കന്മാരുടെ മഹാസാന്നിദ്ധ്യത്തില്‍. എനിക്ക് അസ്വസ്ഥത ഇല്ലാതിരുന്നില്ല.
ഞാന്‍ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്. ഓലമേഞ്ഞ ഒരു കുടിലില്‍. ഒരു മീന്‍പിടുത്തക്കാരന്റെ മകന്‍. എഴുത്തും വായനയും അറിയാത്ത
കര്‍ഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകന്‍. ദാരിദ്ര്യം, പട്ടിണി, ഡിഗ്രിപോലും പാസ്സാകുവാനുള്ള ഭാഗ്യം ലഭിക്കാത്ത പശ്ചാത്തലം. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മണ്ണെണ്ണ വിളക്ക് അഭയം. മത-ജാതി-രാഷ്ട്രീയ
പരിഗണനയില്ലാതെ കൂട്ടുകാരുടെ സ്നേഹം, പിന്തുണ, സഹായം. വിശപ്പ് മാറ്റാനും, വസ്ത്രം ധരിക്കാനും പുസ്തകം വാങ്ങാനും എല്ലാത്തിനും… എല്ലാത്തിനും.
രാഷ്ട്രീയം, വായന, സൗഹൃദം, സിനിമ, കവിത, പാട്ട്, പ്രസംഗം, കഥയെഴുത്ത്, യാത്ര എല്ലാ പോരായ്മകള്‍ക്കിടയിലും ഇതിനൊന്നും കുറവ് വന്നിരുന്നില്ല. അമ്മയുടെ പ്രോത്സാഹനം. അച്ഛന്റെ ആശങ്ക. ജീവിതം കണ്ടെത്താനുള്ള സ്നേഹം നിറഞ്ഞ ശാസന, ഉപദേശം.
എനിക്ക് അറിയാം; ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്ന്. ഗവണ്‍മെന്റ് മാപ്പിള എല്‍.പി. സ്‌കൂള്‍, തളിക്കുളം ഗവ. ഹൈസ്‌കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ് – ശേഷം തൃശൂര്‍ ഡി.സി.സി. ഓഫീസ് – (രാഷ്ട്രീയ വിദ്യാലയം), കൂട്ടുകാരാവുന്ന സര്‍വ്വകലാശാല.
ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമില്ല. സഹപ്രവര്‍ത്തകരെ പോലെ ഡിഗ്രിയും പത്രാസ്സുമില്ല. സത്യമാണ്. പക്ഷേ; കഠിനാദ്ധ്വാനം, ത്യാഗത്തോടെയുള്ള സമര്‍പ്പണം. സ്ഥിരോത്സാഹം – അങ്ങിനെ ഇവിടെവരെയെത്തി. ഏ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന്റെ വേദിയില്‍ വരെ. എല്ലാവര്‍ക്കും സഹിക്കണമെന്നില്ല. പൊരുത്തപ്പെടുവാന്‍
കഴിയണമെന്നുമില്ല. അവര്‍ പറയുന്ന, എഴുതുന്ന ഭാഷയൊന്നും എനിക്ക് അറിയില്ലല്ലോ. ശരിയാണ് – ഞാന്‍ എഴുതി വായിച്ചു. എന്റെ വായനക്ക് കരുത്ത് ഉണ്ടായിരിക്കില്ല. സ്പഷ്ടത തീരെ വന്ന് കാണില്ല. എന്റെ ഇംഗ്ലീഷ് “പണ്ഡിതശ്രേഷ്ഠന്മാര്‍ക്ക്” മനസ്സിലാവണമെന്നില്ല. ഉറപ്പാണ്. എനിക്കറിയാം എന്റെ പരിമിതികള്‍. പോരായ്മകള്‍. നൂറ് ശതമാനം തിരിച്ചറിയാം.
പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിക്കുന്ന ചിലരെ ഞാന്‍ കണ്ടു. പൊട്ടിചിരിക്കുന്ന മറ്റ് ചിലരേയും കണ്ടു. അവരില്‍ പലരും എന്റെ അടുത്തവരെന്ന് അഭിനയിക്കുന്നവര്‍. കെട്ടിപിടിക്കുന്നവര്‍. സാധാരണക്കാരന്റെ ബന്ധുക്കള്‍ എന്ന് പറയുന്നവര്‍. കഷ്ടം, മഹാകഷ്ടം, ഇതാണ് നമ്മുടെ പല “മഹാന്മാരു”ടേയും മനസ്സ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. നന്ദി. പരിഭവമില്ലാത്ത നന്ദി.
എന്നെ എ.ഐ.സി.സി. വേദിയിലെത്തിച്ച രാഹുല്‍ഗാന്ധിയോടും എന്റെ കുറവുകള്‍ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച എ.കെ. ആന്റണിയോടും എന്ത് പറയണമെന്നറിയില്ല. ഹൃദയം മാത്രം നല്‍കാം.
ഒരു പഴയ വായന ഓര്‍മ്മയില്‍ വന്നു. ലൂയിസ് ഫിഷര്‍ എഴുതിയ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വായന. 1901ലെ കല്‍ക്കട്ട എ.ഐ.സി.സി. – ദക്ഷിണാഫ്രിക്കയില്‍ നിന്നും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പങ്കെടുക്കുന്നു. അദ്ദേഹം ഇന്ത്യയില്‍ അന്ന് അത്ര
പ്രശസ്തനായിരുന്നില്ല. ദക്ഷിണാഫ്രിക്കയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ അവസരം തരണമെന്ന് സംഘാടകരോട് ഗാന്ധി അഭ്യര്‍ത്ഥിച്ചു. ആരും അത് ആദ്യം ചെവികൊണ്ടില്ല. അവസാനം തന്റെ രാഷ്ട്രീയ ഗുരുവായി മാറിയ ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തിന് അവസരം ഉണ്ടാക്കികൊടുത്തു. ഗാന്ധിജി പ്രമേയം എഴുതി വായിച്ചു. പലര്‍ക്കും അത് അത്ര മനസ്സിലായില്ല. വല്ലാതെ ശ്രദ്ധിച്ചുമില്ല. പക്ഷേ; ഗോപാലകൃഷ്ണ ഗോഖലെ അതിനെ പിന്താങ്ങി. ഏകകണ്ഠമായി അത് പാസ്സായി. അങ്ങിനെ ദക്ഷിണാഫ്രിയക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ, ഇന്ത്യന്‍ വംശജരുടെ ശബ്ദം
എ.ഐ.സി.സിയില്‍ വന്നു. പിന്നീട് മഹാത്മാഗാന്ധി ആത്മകഥയില്‍ എഴുതി “”കോണ്‍ഗ്രസ്സിന്റെ അംഗീകാരം ഇന്ത്യയുടെ മുഴുവന്‍ അംഗീകാരമാണ്””.
കോണ്‍ഗ്രസ്സിന്റെ 84-ാം പ്ലീനറി സമ്മേളനവേദിയില്‍ പ്രസംഗിച്ച് ഇറങ്ങിവരുമ്പോള്‍ ഇരുകൈകളും പിടിച്ച് കുലുക്കി അഭിനന്ദിച്ചുകൊണ്ട് എ.കെ. ആന്റണി പറഞ്ഞു. “”ആദ്യമായാണ് ദുര്‍ബ്ബലരായ ഈയൊരു ജനതയുടെ ശബ്ദം കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളനവേദിയില്‍ വരുന്നത്. ആദ്യമായി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം. അഭിനന്ദനങ്ങള്‍””. മതി, എനിക്ക് ഇത്ര മാത്രം മതി. ഇതാണ് എന്റെ സര്‍വ്വകാലാശാ ബിരുദം. എന്റെ പി.എച്ച്.ഡി. സര്‍ട്ടിഫിക്കറ്റ്.
മാര്‍ച്ച് 18ലെ സാമ്പത്തിക പ്രമേയ ചര്‍ച്ചകള്‍ കഴിഞ്ഞ് അവതാരകനായ മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം വേദിയില്‍ വന്ന് പ്രമേയം പാസ്സാക്കുന്നതിന് പ്രതിനിധികള്‍ കൈപൊക്കുവാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് “”പ്രമേയത്തിന് ഒരു ഭേദഗതിയുണ്ട്. കേരളത്തില്‍ നിന്നുള്ള ഭേദഗതി. ടി.എന്‍. പ്രതാപനാണ് എഴുതി തന്നിരിക്കുന്നത്. ഇന്ത്യയിലെ മത്സ്യതൊഴിലാളികളുടെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. അവരുടെ ജീവിത
പ്രയാസങ്ങളാണ്. സാമ്പത്തിക ദുരിതങ്ങളെകുറിച്ചാണ്. അത് അംഗീകരിക്കണം””.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്ങ്, ഏ.കെ. ആന്റണി, ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ ഒന്നിച്ച് കൈ ഉയര്‍ത്തി. ഒരേയൊരു പ്രമേയ ഭേദഗതി. പലരും കളിയാക്കിയ, പരിഹസിച്ച “മലയാളം മാത്രം” അറിയുന്ന ഒരു സാധാരണക്കാരനായ കേരളീയന്റെ ആശയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണണം. നേരിയ അഭിമാനം. രണ്ടുദിവസത്തെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച മറ്റ് പ്രമേയങ്ങളിലൊന്നും യാതൊരു ഭേദഗതിയും ഉണ്ടായിരുന്നില്ല എന്നുകൂടി ഓര്‍ക്കുമ്പോഴാണ് ആത്മവിശ്വാസം നല്‍കുന്ന ഈ അംഗീകാരം അഭിമാനമാകുന്നത്.
ക്ഷമിക്കുക, ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സുകളില്‍ സ്വയം തറച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
“”വക്ത് ഹേ ബദലാവ് കാ”” എന്നതിന്റെ മലയാളം: “”മാറ്റത്തിനുള്ള സമയം ഇതാണ്.””
എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന്റെ മുദ്രാവാക്യം ഇതായിരുന്നു.
Watch This Video: