| Thursday, 17th March 2016, 8:12 pm

കോണ്‍ഗ്രസില്‍ കലഹം; അടൂര്‍ പ്രകാശ് ബാര്‍ ഉടമകളുമായി ഗൂഢാലോചന നടത്തിയെന്ന് ടി.എന്‍ പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. യു.ഡി.എഫ് മന്ത്രിസഭയിലെ തന്റെ “പുതിയ ബന്ധു”വിനെ ഉപയോഗിച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ബിജുരമേശ് ശ്രമിക്കുന്നതായി പ്രതാപന്‍ ആരോപിച്ചു.

മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്റ്റേറ്റും പീരുമേടിലെ ഭൂമിയും പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്‍കിയതും തുടങ്ങി കെ.പി.സി.സി. പ്രസിഡന്റിനെയും പാര്‍ട്ടിയെയും വെല്ലുവിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ ജനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നെന്നും അടൂര്‍ പ്രകാശിന്റെ പേരെടുത്ത് പറയാതെ പ്രതാപന്‍ പറഞ്ഞു.

കരുണ എസ്റ്റേറ്റിന്റേത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പിടിവാശി കാണിക്കുന്നതും ഈ ഗൂഡാലോചനയുടെ അവസാന ഭാഗമാണോയെന്നും പോസ്റ്റില്‍ പ്രതാപന്‍ ചോദിക്കുന്നു. സത്യം പറയുന്നവരെ കല്ലെറിയരുതെന്ന് പറഞ്ഞ് കൊണ്ടാണ് പ്രതാപന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യു ഡി എഫ് സര്‍ക്കാരിനെ പൊതു സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനും ഭരണത്തുടര്ച്ച ഇല്ലാതാക്കി എല്‍.ഡി.എഫിനെ അധികാരത്തില്‍ കൊണ്ട് വരുന്നതിനും ശ്രമിച്ചു വരുന്ന കേരളത്തിലെ പ്രമുഖ മദ്യക്കച്ചവടക്കാരനാണ് ബിജു രമേശ്.

എല്‍.ഡി.എഫുമായി പരസ്യവും രഹസ്യവുമായ ധാരണകള്‍ ഉണ്ടാക്കി, യു.ഡി.എഫിനെയും സര്‍ക്കാരിനെയും പൊതു സമൂഹത്തിനു മുമ്പില്‍ ദുര്‍ബലമാക്കാന്‍ ബിജു രമേശ് നടത്തിയ എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, കെ.പി.സി.സി പ്രസിഡന്റ് വി.എം . സുധീരന്റെയും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ പാര്‍ട്ടിയും ഗവര്‍ന്മെന്റും അതിശക്തമായി പ്രതിരോധിച്ചതിന്റെ പേരില്‍ ഈ വെല്ലു വിളികളെ അതിജീവിക്കുക മാത്രമല്ല ചെയ്തത്, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി തുടര്‍ ഭരണം ഉണ്ടാകുമെന്ന ആത്മ വിശ്വാസം യു ഡി എഫ് പ്രവര്തകരിലും, പ്രതീക്ഷ പൊതു സമൂഹത്തിനും ഉണ്ടാക്കി എന്നത് അഭിമാനകരമാണ്.

യു ഡി എഫ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ആഗ്രഹിച്ച എല്‍.ഡി.എഫിന്റെ ഒത്തുകളിക്കാരന്‍ ബാറുടമ ബിജു രമേശ് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍, ജനങ്ങള്‍ യു.ഡി എഫിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നു എന്ന് കണ്ടപ്പോള്‍, കെ പി സി സി പ്രസിഡന്റ് ശ്രീ വി.എം സുധീരന്‍ നയിച്ച ജന രക്ഷാ യാത്രയിലൂടെ കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ പുത്തന്‍ ആവേശം നേടി എന്ന് കണ്ടപ്പോള്‍, ഈ മത്രിസഭയിലെ തന്റെ “പുതിയ ബന്ധു”വിലൂടെ സര്‍ക്കാര്‍ തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പൊതുജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ ആവില്ല .

മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്റ്റെറ്റും ഇടുക്കിയിലെ പീരുമേടിലെ ഭൂമികളും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്കിയതും, തുടങ്ങി കെ പി സി സി പ്രസിഡന്റ്‌നെയും പാര്‍ട്ടിയെയും വെല്ലു വിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ ജനങ്ങള്‍ വീണ്ടും സംശയിക്കുന്നു. മദ്യമുതലാളി ബിജു രമേഷിന്റെ ഈ മന്ത്രി സഭയിലെ “പുതിയ ബന്ധു” യു ഡി എഫ് തുടര്‍ന്ന് അധികാരത്തില്‍ വരാതിരിക്കാന്‍ ബാര്‍ ഉടമകളുമായി ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് സംശയമുയരും, കാരണം യു.ഡി.എഫ് മാറി എല്‍.ഡി.എഫ് വന്നാല്‍ ബാറുകള്‍ തുറന്നു കിട്ടുമെന്ന് മദ്യ മുതലാളിമാര്ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടല്ലോ.

ഇപ്പോള്‍ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന്റേത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പിടിവാശി കാണിക്കുന്നതും ഈ ഗൂഡാലോചനയുടെ അവസാന ഭാഗമാണോ?
ഇനിയും പലതും പ്രതീക്ഷിക്കാമോ?

ഞങ്ങള്‍ക്കാശങ്കയുണ്ട്.

സത്യം പറയുന്നവര്‍ക്ക് നേരെ,
തിരുത്തണമെന്ന് വിരല്‍ ചൂണ്ടി ആവശ്യപ്പെടുന്നവര്‍ക്കുനേരെ,
കല്ലെറിയരുത്…..

ടി. എന്‍. പ്രതാപന്‍ എം എല്‍ എ.

We use cookies to give you the best possible experience. Learn more