| Tuesday, 14th May 2019, 2:09 pm

തൃശൂരില്‍ ഭൂരിപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ ബി.ജെ.പിക്ക് പോയി: സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍.

തൃശൂരില്‍ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്ന് പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചു. ഭൂരിപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ ബി.ജെ.പിയിലേക്ക് പോയെന്നാണ് ടി.എന്‍ പ്രതാപന്റെ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി.എന്‍ പ്രതാപന്‍ പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്നും ടി.എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഹിന്ദു, നായര്‍ വോട്ടുകള്‍ ബി.ജെ.പി യിലേക്ക് പോയിട്ടുണ്ടാകാം, ജില്ലയില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്നുമാണ് വിലയിരുത്തല്‍.

തൃശൂരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് , വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പലരും സജീവമല്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയങ്ങളെല്ലാം കെ.പി.സി.സി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തൃശൂരില്‍ ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

We use cookies to give you the best possible experience. Learn more