'ഫാഷിസത്തിന്റെ ക്രൂരമുഖമാണ് പാര്‍ലമെന്റില്‍ കണ്ടത്, സെക്യൂരിറ്റി ജീവനക്കാരെ വെച്ച് കയ്യേറ്റം ചെയ്യിപ്പിക്കേണ്ടവരാണോ ഞങ്ങള്‍'; വനിതാ എം.പിമാരെ കയ്യേറ്റം ചെയ്തത് ക്രൂരതയെന്നും ടി.എന്‍ പ്രതാപന്‍
India
'ഫാഷിസത്തിന്റെ ക്രൂരമുഖമാണ് പാര്‍ലമെന്റില്‍ കണ്ടത്, സെക്യൂരിറ്റി ജീവനക്കാരെ വെച്ച് കയ്യേറ്റം ചെയ്യിപ്പിക്കേണ്ടവരാണോ ഞങ്ങള്‍'; വനിതാ എം.പിമാരെ കയ്യേറ്റം ചെയ്തത് ക്രൂരതയെന്നും ടി.എന്‍ പ്രതാപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 2:28 pm

ന്യൂദല്‍ഹി: സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളായ തങ്ങളെ കയ്യേറ്റം ചെയ്ത നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

മഹാരാഷ്ട്രയിലെ ഭരണഘടന അട്ടിമറി സംബന്ധിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു തങ്ങളെന്നും 11 മണിക്ക് വിഷയം ഉന്നയിക്കാന്‍ അവസരം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ ജ്ഞന്‍ ചൗധരി ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ അത് അനുവദിച്ചില്ലെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണം എന്ന ആവശ്യം ഉയര്‍ത്തിയാണ് തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാര്‍ഡും ബാനറും പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ മാര്‍ഷല്‍മാരെ ചുമതലപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ എന്നേയും ഹൈബി ഈഡന്‍ എം.പിയേയും കയ്യേറ്റം ചെയ്തു. ഞങ്ങള്‍ ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്.

ആ ഞങ്ങളെ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് കയ്യേറ്റം ചെയ്തതില്‍ അങ്ങേയറ്റത്തെ പ്രതിഷേധമുണ്ടായി. മാര്‍ഷല്‍മാരുടെ നടപടിയെ രമ്യാ ഹരിദാസും ജ്യോതിമണിയും ചോദ്യം ചെയ്തു. ഇതോടെ അവരേയും കയ്യേറ്റം ചെയ്തു. നിരവധി പാര്‍ട്ടി പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധിക്കുന്നതിന്റെ പേരില്‍ മാര്‍ഷല്‍മാരെ ഉയോഗിച്ച് പാര്‍ലമെന്റ് എം.പിമാരെ കയ്യേറ്റം ചെയ്ത നടപടി ഇതാദ്യമായാണ്. പാര്‍ലമെന്റിനകത്ത് എത്രയോ കടുത്ത പ്രതിഷേധം ഇതിന് മുന്‍പും നടത്തിട്ടുണ്ട്.

വനിതാ എം.പിമാരെ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തത് ക്രൂരതയാണ്. മാര്‍ഷലിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനാധിപത്യത്തെ ഭരണഘടനയേയും എല്ലാ മൂല്യങ്ങളേയും അട്ടിമറിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുകയാണ്. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്റിനകത്ത് പോലും പറയാന്‍ പാടില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഫാഷിസത്തിന്റെ ക്രൂരമുഖമാണ് ഇന്ന് പാര്‍ലമെന്റിനകത്ത് കണ്ടത്. പാര്‍ലമെന്റിനകത്തല്ലേ രാജ്യത്തെ കാര്യങ്ങള്‍ പറയേണ്ടത്. വെളുപ്പാന്‍ കാലത്തും പാതിരാത്രിയിലും ഭരണഘടനയെ പോലും വെല്ലുവിളിച്ച് കാര്യങ്ങള്‍ നടക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ പറയാനും ഇതിനെതിരെ പ്രതിഷേധിക്കാനുമല്ലേ ഞങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിനകത്തേക്ക് പറഞ്ഞയക്കുന്നത്- ടി.എന്‍ പ്രതാപന്‍ ചോദിച്ചു.