കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം.എ. യൂസുഫലിയുമായുള്ള സൗഹൃദത്തിന് പുറത്താണ് അദ്ദേഹം ലുലു മാളിന്റെ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുല്‍ ഹമീദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ടി.എന്‍. പ്രതാപന്‍ എം.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നമസ്‌കാരം പറഞ്ഞതാണ് പലരുടെയും പ്രശ്‌നം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര സമുച്ഛയം എന്ന നിലക്കാണ് ലുലു മാള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് ലുലു ഗ്രൂപ്പിന്റെ എം.ഡി യൂസുഫലിയുടെ സ്‌നേഹ ക്ഷണം സ്വീകരിച്ചാണ് ടി.എന്‍. പ്രതാപന്‍ എം.പി പോയത്.
എറണാകുളത്തും തിരുവനന്തപുരത്തും സ്ഥലം എം.എല്‍.എയോ എം.പിയോ ആകാതെ തന്നെ ലുലു മാളുകളുടെ ഉദ്ഘാടനത്തിന് ടി.എന്‍. പ്രതാപന്‍ ക്ഷണിക്കപ്പെടുന്നത് യൂസുഫലിയുടെ നാടിന്റെ എം.പി എന്ന വാത്സല്യവും അദ്ദേഹത്തിന്റെ സഹോദരന്‍ എം.എ. അഷ്‌റഫലിയുടെ സഹപാഠി എന്നതില്‍ തുടങ്ങി അവരുടെ ഉമ്മാക്ക് ഏറെ ഇഷ്ടപ്പെട്ട സഹോദരന്‍ എന്ന ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ കാരണം കൊണ്ടുകൂടിയാണിതെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.
ലഖ്നൗവില്‍ ലുലു ഉദ്ഘാടനം ചെയ്യുമ്പോഴും ടി.എന്‍. പ്രതാപനെ യൂസുഫലിക്ക ക്ഷണിക്കുന്നത് അതേ സ്‌നേഹത്തിന്റെ അക്കൗണ്ടിലാണ്. അവിടെ ഉദ്ഘാടനത്തിന് വരുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് പാര്‍ലമെന്റ് അംഗമായ ടി.എന്‍. പ്രതാപന്‍ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് ഭരണഘടനാ സ്ഥാനങ്ങള്‍ തമ്മിലുള്ള മര്യാദയുടെ പുറത്തുമാത്രമാണ്. അവരിലാരെങ്കിലും ഒരാള്‍ ജനപ്രതിനിധിയോ ഭരണഘടനാ സ്ഥാനങ്ങളുള്ളവരോ അല്ലായിരുന്നെങ്കില്‍ അങ്ങനയൊരു അഭിവാദ്യം അവിടെ കാണാനേ കഴിയില്ലായിരുന്നു. യോഗി വിളിച്ചിട്ട് യു.പിയിലേക്ക് ചെന്നതല്ല ടി.എന്‍. പ്രതാപന്‍ എം.പി എന്നത് വേറെ കാര്യം. അല്ല, അതാണ് കാര്യം. അതേകുറിച്ചാണ് മുകളില്‍ വിസ്തരിച്ചതും.
മുസ്‌ലിങ്ങളുകളുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ധര്‍മ സന്‍സദുകളും, സമ്മേളനങ്ങളും നടത്തി കാമ്പയിന്‍ ഓടിക്കുന്ന തീവ്രഹിന്ദുത്വ വാദികള്‍ ടി.എന്‍. പ്രതാപന്റെയും യോഗിയുടെയും പടവും പിടിച്ച് നാടുനീളെ ഓടുന്നത് കണ്ടു. നിങ്ങളുടെ വംശീയ കാമ്പയിനുകള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം വ്യാപരിയുടെ ഏറ്റവും വലിയ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ നിങ്ങളുടെ ഏറ്റവും വലിയ നേതാക്കളിലൊരാള്‍ തന്നെ വരുന്നത്.
അന്നേരം യോഗിയോട് നിങ്ങളുടെ എല്ലാ വംശീയ വിദ്വേഷ പദ്ധതികളുടെയും കടുത്ത വിമര്‍ശകനും കറകളഞ്ഞ മതേതരവാദിയുമായ ടി.എന്‍. പ്രതാപന്‍ ആഞ്ഞൊരു നമസ്‌കാരം പറഞ്ഞില്ലെങ്കിലല്ലേ മോശം. അതുകൊണ്ട് നിങ്ങളുടെ ബഹിഷ്‌ക്കരണ കാമ്പയിനുകളൊക്കെ നിങ്ങളുടെ നേതാക്കള്‍ തന്നെ തകര്‍ക്കുന്നതാലോചിച്ച് കരഞ്ഞുകൂടേ? ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്ന്.
പിന്നെ ഇതാഘോഷിക്കുന്ന സംഘാക്കളോടാണ്. പിണറായി വിജയനായാലും ആരായാലും എത്ര വലിയ രാഷ്ട്രീയ എതിരാളിയെ കണ്ടാലും അവര്‍ ജനപ്രതിനിധികളോ ഭരണഘടനാ സ്ഥാനങ്ങളോ ഉള്ളവരാണെങ്കില്‍ കൈകൂപ്പും നമസ്‌കാരം പറയും വേണ്ടിവന്നാല്‍ ബൊക്കെയും കൊടുക്കും. അതുകൊണ്ട് ആരും മറ്റേയാളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് നമ്മളാരും പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ടി.എന്‍. പ്രതാപന്‍ എം.പി തന്നെ, ലോകസഭയില്‍ മൂന്നുതവണയാണ് സസ്പെന്‍ഷന്‍ വാങ്ങിച്ചത്. മൂന്നും സംഘപരിവാറിന്റെ അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ്. സി.എ.എ, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും നിയമം കൊണ്ടുവരുമ്പോഴും ഡ്രാഫ്റ്റ് കീറി ആഭ്യന്തര മന്ത്രിയുടെ നേര്‍ക്ക് അറിയാനും മുദ്രാവാക്യം വിളിക്കാനും നടുത്തളത്തിലിറങ്ങാനും ഒരു മടിയും കാണിക്കാത്ത പ്രതിപക്ഷ എം.പിയാണ് പ്രതാപന്‍. ഉന്നാവോ വിഷയത്തില്‍ സ്മൃതി ഇറാനിക്കെതിരെയും ‘ഗോലി മാരോ സലോംക്കോ’ വിളിക്കെതിരില്‍ അനുരാഗ് താക്കൂറിനോടും ഒട്ടും ഗൗരവം കുറയാതെ തന്നെ പ്രതിഷേധിക്കാന്‍ ടി.എന്‍. പ്രതാപന്‍ എം.പിക്ക് ഒരു പരിമിതിയുമില്ലായിരുന്നു.
ആ ബഹളമൊക്കെ കഴിഞ്ഞ് പാര്‍ലമെന്റിന്റെ ലോബിയിലെത്തുമ്പോള്‍ എതിരെ വരുന്ന അമിത്ഷായും അനുരാഗ് താക്കൂറും സ്മൃതി ഇറാനിയുമൊക്കെ അഭിവാദ്യം പറയും തിരിച്ചുമതേ. അതൊരു ശൈലിയാണ്. അതിന്റെ പേരില്‍ നിലപാടുകള്‍ മാറിയെന്ന് ആരും ആശ്വസിക്കേണ്ടതില്ല. പ്രതാപനെ അറിയുന്നവര്‍ക്ക് ഇതിലൊന്നും ഒരാശങ്കയുമില്ല. കാരണം, പ്രതാപന് നിലപാട്, പ്രത്യേകിച്ചും വര്‍ഗീയതക്കെതിരെയുള്ള നയം, തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സ്ട്രാറ്റജിയല്ല. അത് ജീവിതത്തിന്റെ പാഠവും രാഷ്ട്രീയത്തിന്റെ അടിത്തറയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: TN Pratapan’s staff member says about shaking hands with Yogi Adityanath is controversial,