പാല മാത്രമല്ല കേരളം: മാണിക്ക് പ്രതാപന്റെ മറുപടി
Daily News
പാല മാത്രമല്ല കേരളം: മാണിക്ക് പ്രതാപന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2015, 4:00 pm

pratapan

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയതോടെ യു.ഡി.എഫില്‍ കെ.എം മാണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ വിവാദം ബാധിച്ചില്ലെന്ന മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ രംഗത്ത്  എത്തി. പാല മാത്രമല്ല കേരളമെന്നും കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളമെന്നും പ്രതാപന്‍ പറഞ്ഞു.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ വിവാദം ബാധിച്ചില്ലെന്നും ബാര്‍ കോഴ ബാധിച്ചിട്ടുണ്ടെങ്കില്‍ പാലായിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കേണ്ടിയിരുന്നതെന്നും  തന്നെ അടുത്തറിയാവുന്ന പാലാക്കാരുടെ അടുത്ത് ഒരു ബാറും ഏശില്ലെന്നും കെ.എം മാണി നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് മറ്റു ഘടക കക്ഷികള്‍ തകര്‍ന്നടിയുമ്പോള്‍ തെരഞ്ഞെടുപ്പ്് വിജയം ആഘോഷിച്ച് കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി. പാലായില്‍ 20 സീറ്റുകളില്‍ 17 ഇടങ്ങളിലും യു.ഡി.എഫ് വിജയിച്ചിരുന്നു.

അതേ സമയം തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിനകത്തും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്നും ആഴത്തിലുള്ള ചികിത്സ വേണമെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. നേതൃമാറ്റം വേണമെന്ന് ചിന്തിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നാണ് വി.എം സുധീരന്‍ പ്രതികരിച്ചത്. അതേ സമയം പരാജയത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.