ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ടി. എന്‍ പ്രതാപന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
പാസാക്കിയ ബില്ലുകള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്.
കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള മരണ ശിക്ഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിനകത്തും പുറത്തും അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. കാര്‍ഷിക ബില്ലിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ബീഹാര്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ഇപ്പോഴും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചാബ് സര്‍ക്കാര്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞിട്ടുണ്ട്. അതേസമയം കാര്‍ഷിക ബില്ലിനെ അനുകൂലിച്ച കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക