അത്രമാത്രം വിഭാഗീയതയായിരന്നു മോദിയുടെ പ്രസംഗത്തില്‍; കന്നഡീയര്‍ക്ക് മലയാളികളേക്കാള്‍ രാഷ്ട്രീയ ബോധം; തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അനുഭവം പറഞ്ഞ് പ്രതാപന്‍
Kerala News
അത്രമാത്രം വിഭാഗീയതയായിരന്നു മോദിയുടെ പ്രസംഗത്തില്‍; കന്നഡീയര്‍ക്ക് മലയാളികളേക്കാള്‍ രാഷ്ട്രീയ ബോധം; തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അനുഭവം പറഞ്ഞ് പ്രതാപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 1:08 pm

തിരുവനന്തപുരം: കര്‍ണാടകയിലെ ജനവിധി ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ റിയല്‍ ‘കന്നഡ സ്‌റ്റോറി’ എന്താണെന്ന് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കുകയായിരുന്നു പ്രതാപന്‍.

കേരളത്തേക്കാള്‍ രാഷ്ട്രീയ ബോധമുള്ളവരാണ് കന്നഡീയരെന്നും ജാതി പറഞ്ഞും മതം പറഞ്ഞുമുള്ള പ്രചരണങ്ങളെ അവര്‍ തള്ളിക്കളഞ്ഞെന്നും പ്രതാപന്‍ പറഞ്ഞു.

‘ഞാന്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി നിയോഗിച്ച ആളായിരുന്നു. മൂന്ന് മാസം അവിടെ ചെലവഴിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഗ്രാമ- നഗരങ്ങളില്‍ കണ്ടിരുന്ന കാഴ്ച, ജാതി പറഞ്ഞും മതം പറഞ്ഞും ദൈവ വിഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചും വലിയ വര്‍ഗീയ പ്രചരണത്തിനാണ് ബി.ജെ.പി ശ്രമിച്ചത്. അതിനെയെല്ലാം കര്‍ണാടകയിലെ ജനങ്ങള്‍ അതിജീവിച്ചു.

അവിടുത്തെ പ്രചരണം കണ്ട് അത്ഭുതപ്പെട്ട് പോയിരുന്നു. ഒന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രിയെ നമ്മുടെ പ്രധാനമന്ത്രി എന്ന രീതിയില്‍ ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. രാജ്യത്ത് ഇതുവരെയുള്ള ഒരു പ്രധാനമന്ത്രിയും ഇത്ര വിഭാഗിയപരമായി പ്രസ്താവന നടത്തിയിരുന്നില്ല. എന്നാല്‍ അതിനെയൊക്കെ കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതവരുടെ രാഷ്ട്രീയ ബോധത്തെയാണ് കാണിക്കുന്നത്. അവര്‍ക്ക് കേരളീയരേക്കാള്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. കൊടുത്ത സാരിയും കൊടുത്ത പണവുമൊക്കെ വലിച്ചെറിഞ്ഞായിരുന്നു അവിടുത്തെ ജനങ്ങള്‍ ബി.ജെ.പിയെ വരവേറ്റിരുന്നത്,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

ബി.ജെ.പി വിമുക്ത ദക്ഷിണേന്ത്യ സംഭവിച്ചു കഴിഞ്ഞെന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഈ ഫലം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘120 നും 130നും ഇടയില്‍ സീറ്റ് കിട്ടുമെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. വരാന്‍ പോകുന്ന ഇന്ത്യന്‍ സ്‌റ്റോറിയുടെ തുടക്കമാണ് കര്‍ണാടകയിലുള്ളത്. ബി.ജെ.പി വിമുക്ത ദക്ഷിണേന്ത്യ സംഭവിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഈ ഫലം മുതല്‍ക്കൂട്ടാകും,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.