കൊച്ചി: മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം അടങ്ങുന്നില്ല. അഞ്ചാംമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
സൗമ്യനായ മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി, അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തിയാണ് ലീഗ് മന്ത്രിസ്ഥാനം നേടിയെടുത്തതെന്ന് പ്രതാപന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷന്റെ വീട്ടിലേക്കും കെ. മുരളീധരനെതിരെയും, എന്‍.എസ്.എസ് ആസ്ഥാനത്തേക്കുമൊക്കെ മാര്‍ച്ചും പ്രതിഷേധപ്രകടനങ്ങളും ജാഥകളും നടത്തി കോണ്‍ഗ്രസിനെ പോലെ വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടിയെ ലീഗ് സമ്മര്‍ദ്ദത്തിലാഴ്ത്തി.
കേരളത്തിലെ മുസ്‌ലീം ലീഗിന്റെ ഭാഗത്ത് നിന്നും ഒരുകാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ലീഗിന് എവിടെയോ എന്തോ തെറ്റുപറ്റിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് തിരുത്താന്‍ കേരളത്തിലെ മുസ്‌ലീം ലീഗ് നേതൃത്വം തയ്യാറാവണം. അല്ലാത്ത പക്ഷം കേരളത്തിലെ രാഷ്ട്രീയ സൗഹൃദാന്തരീക്ഷത്തിന് ഇത് വെല്ലുവിളിയാവുമെന്നും പ്രതാപന്‍ വ്യക്തമാക്കി.
ലീഗിന് അഞ്ചാം മന്ത്രിയെ ലഭിച്ചതുമുതല്‍ കോണ്‍ഗ്രസിലെ പല നേതാക്കളും ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അഞ്ചാംമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെയാണ് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ പ്രതിഷേധമറിയിച്ചത്. അദ്ദേഹത്തിന്റെ പ്രതിഷേധം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. കെ. മുരളീധരനും, മന്ത്രി കെ.ബാബുവും ഷിബു ബേബിജോണുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.