| Saturday, 4th January 2020, 10:15 am

ഇത് 2021 ലെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ടെസ്റ്റ് ഡോസ്; തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നറിയിപ്പുമായി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ലഭിച്ച തിരിച്ചടിയില്‍ മുന്നറിയിപ്പുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. 2021 ലെ നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച ചെറിയ ഒരു തിരിച്ചടി മാത്രമാണ് ഇതെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഡി.എം.കെ നേടിയെടുത്തത്.

515 ജില്ലാ പഞ്ചായത്ത് കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും സഖ്യകക്ഷികളും 240 സീറ്റുകള്‍ നേടിയപ്പോള്‍ ഡി.എം.കെ സഖ്യം 272 സീറ്റുകളായിരുന്നു നേടിയത്.

മൊത്തം 5,090 പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം 2,378 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 2,150 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഡി.എം.കെ നേതൃത്വം പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകക്ഷിയുടെ അരാജകത്വ ഭരണത്തിനും അധികാര ദുര്‍വിനിയോഗത്തിനും ജനങ്ങള്‍ മറുപടി നല്‍കിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം പക്ഷപാതപരമായ സമീപനമാണ് തെരഞ്ഞെടുപ്പിലുടനീളം സ്വീകരിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.

മറ്റെന്തിനേക്കാളും ശക്തി ജനങ്ങള്‍ക്ക് തന്നെയാണെന്നാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഡി.എം.കെയിലുള്ള ജനങ്ങളുടെ ആത്മവിശ്വാസവും എ.ഐ.എ.ഡി.എം.കെയോടുള്ള അകല്‍ച്ചയും ഈ ഫലങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജനങ്ങളെ അഭിമുഖീകരിക്കാന്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഭയമായതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് വര്‍ഷം വൈകിയതായും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സാധാരണയായി ഭരണകക്ഷിയാണ് വിജയിക്കാറെന്നും എന്നാല്‍ ഇത്തവണ അതില്‍ വിപരീതമായി സംഭവിച്ചത് ഡി.എം.കെയുടെ സുപ്രധാന വിജയം തന്നെയാണെന്നും എ.ഐ.എ.ഡി.എം.കെയെ സംബന്ധിച്ച് ശുഭസൂചനയല്ല ഇത് നല്‍കുന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഒന്‍പത് മാസത്തിനുള്ളില്‍ തന്നെ ഭരണകക്ഷിക്കെതിരായ വികാരം സംസ്ഥാനത്തുണ്ടായിരിക്കുകയാണ്.

ഭരണകക്ഷിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന സേലം ജില്ലയിലെ മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വന്തം മണ്ഡലം ഉള്‍പ്പെടെ പടിഞ്ഞാറന്‍ മേഖലയിലെ പല ഭാഗങ്ങളിലും ഡി.എം.കെ തൂത്തുവാരിയിരുന്നു.

മധ്യ, വടക്കന്‍ പ്രദേശങ്ങളായ തിരുച്ചിറപ്പള്ളി, തിരുവാരൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ മിക്ക മണ്ഡലങ്ങളിലും ഡി.എം.കെക്കായിരുന്നു മുന്‍തൂക്കം.

അതേസമയം തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എ.ഐ.എ.ഡി.എം.കെയ്ക്ക് തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായിരുന്നു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയുടെ തീരുമാനം അവര്‍ക്ക് തിരിച്ചടിയായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന പ്രദേശങ്ങളില്‍ അടക്കം വലിയ തിരിച്ചടിയാണ് ഭരണകക്ഷിക്ക് ഏറ്റത്.

എട്ടുവര്‍ഷത്തിനുശേഷം ദ്രാവിഡ നേതാക്കളായ ജെ. ജയലളിതയുടെയും എം. കരുണാനിധിയുടെയും നിര്യാണത്തിനുശേഷം നടന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more