ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ലഭിച്ച തിരിച്ചടിയില്‍ മുന്നറിയിപ്പുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. 2021 ലെ നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച ചെറിയ ഒരു തിരിച്ചടി മാത്രമാണ് ഇതെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഡി.എം.കെ നേടിയെടുത്തത്.
515 ജില്ലാ പഞ്ചായത്ത് കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും സഖ്യകക്ഷികളും 240 സീറ്റുകള്‍ നേടിയപ്പോള്‍ ഡി.എം.കെ സഖ്യം 272 സീറ്റുകളായിരുന്നു നേടിയത്.
മൊത്തം 5,090 പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം 2,378 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 2,150 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഡി.എം.കെ നേതൃത്വം പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണകക്ഷിയുടെ അരാജകത്വ ഭരണത്തിനും അധികാര ദുര്‍വിനിയോഗത്തിനും ജനങ്ങള്‍ മറുപടി നല്‍കിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം പക്ഷപാതപരമായ സമീപനമാണ് തെരഞ്ഞെടുപ്പിലുടനീളം സ്വീകരിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
മറ്റെന്തിനേക്കാളും ശക്തി ജനങ്ങള്‍ക്ക് തന്നെയാണെന്നാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഡി.എം.കെയിലുള്ള ജനങ്ങളുടെ ആത്മവിശ്വാസവും എ.ഐ.എ.ഡി.എം.കെയോടുള്ള അകല്‍ച്ചയും ഈ ഫലങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ജനങ്ങളെ അഭിമുഖീകരിക്കാന്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഭയമായതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് വര്‍ഷം വൈകിയതായും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.