| Thursday, 4th October 2018, 10:08 am

'ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനം'; ടി.എന്‍ ജോയിയുടെ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ ടി.എന്‍ ജോയിയുടെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌ക്കരിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു.

ഫേസ്ബുക്കിലൂടെ ഇദ്ദേഹം തന്നെയാണ് താന്‍ ഇസ് ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ തന്റെ പേര് കമല്‍ സി നജ്മല്‍ എന്നാക്കുകയും ചെയ്തു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും ജീവിക്കാനല്ല മുസ്‌ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും കമല്‍ സി ചവറ പറയുന്നു.

“”ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്‌ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയില്‍ മുസ്‌ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്. സമരമാണ്. ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല. ഇസ്‌ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല. നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു. മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.””- ഫേസ്ബുക്ക് കുറിപ്പില്‍ കമല്‍ സി ചവറ പറയുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് സാമൂഹികപ്രവര്‍ത്തകന്‍ ടി.എന്‍.ജോയി ഇസ്‌ലാം മതം സ്വീകരിച്ചത്. മരണശേഷം മൃതദേഹം ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ധുക്കള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

മൃതദേഹം തങ്ങള്‍ക്ക് വിട്ടുതരണമെന്നും വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരാകട്ടെ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ ഇരുപത്തിനാലു മണിക്കൂര്‍ നേരം സംസ്‌ക്കാര ചടങ്ങ് മാറ്റാന്‍ ആര്‍.ഡി.ഒ. നിര്‍ദ്ദേശിച്ചു.

ഇതിനിടെ, ടി.എന്‍.ജോയിയുടെ സഹോദരന്‍ പ്രേമചന്ദ്രന്‍ പൊലീസിന് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമാവുകയും ചെയ്തു.

പൊലീസ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തടയുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് ആംബുലന്‍സിന് മുമ്പില്‍ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയിരുന്നു. ഇതിനു ശേഷം ബന്ധുക്കള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ് ജോയി ഇസ് ലാം മതം സ്വീകരിച്ചിരുന്നു. മരിക്കുമ്പോള്‍ ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കണമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുകയും എഴുതിവെക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more