| Monday, 11th September 2017, 10:35 am

ദല്‍ഹിയില്‍ മലം കഴിച്ച് കര്‍ഷകരുടെ പ്രതിഷേധം: മനുഷ്യമാംസം കഴിക്കുമെന്നും നഗ്നരായി പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ മാര്‍ച്ചു ചെയ്യുമെന്നും കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടുമാസത്തോളമായി ജന്തര്‍ മന്ദിറില്‍ തുടരുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. സമരത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ അവരുടെ മലം കഴിച്ച് പ്രതിഷേധിച്ചു. സമരനേതാവ് പി.അയ്യക്കന്ന് അടക്കം പത്തുപേരാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഒരുങ്ങിയത്.

” രാവിലെ പ്ലാസ്റ്റിക് ബാഗുകളില്‍ ഞങ്ങള്‍ മലം ശേഖരിച്ചു. പിന്നീട് അതു കഴിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസവും, മോശം കാലാവസ്ഥ കാരണം നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരവും, കാര്‍ഷിക ലോണും നിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ സ്വന്തം മലംകഴിക്കേണ്ട സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.” നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ലിങ്കിങ് ഫാമേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യക്കന്നു പറഞ്ഞു.

പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മനുഷ്യമാംസം കഴിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.


Also Read: ശ്രീ സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം; ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ സെബാസ്റ്റ്യന്‍ പോളിനെതിരെ ആഷിഖ് അബു


“ചൊവ്വാഴ്ചയാകുമ്പോള്‍ 59 ദിവസമായി ഞങ്ങള്‍ ഇവിടെയെത്തിയിട്ട്. നേരത്തെ 41ദിവസവും ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു. രണ്ടും കൂടി നൂറുദിവസമായി ഞങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട്. നൂറാംദിന പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസുനേരെ നഗ്നരായി മാര്‍ച്ചു ചെയ്യുമെന്നും” കര്‍ഷകര്‍ അറിയിച്ചു.

നേരത്തെ ചത്ത എലിയെയും പാമ്പിനെയുമൊക്കെ കടിച്ചുകൊണ്ടും മൂത്രം കുടിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കര്‍ഷകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം 41ദിവസത്തോളം സമരം നടത്തിയ ഇവര്‍ ജൂലൈയില്‍ കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ 17 തലയോട്ടികളുമായി തിരിച്ചുപോയിരുന്നു.

എല്ലാ കാര്‍ഷിക ലോണുകളും എഴുതി തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്‌സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെയാണ് കര്‍ഷകര്‍ വീണ്ടും സമരവുമായി രംഗത്തുവന്നത്.

We use cookies to give you the best possible experience. Learn more