| Monday, 8th March 2021, 6:41 pm

തമിഴ്‌നാട്ടില്‍ ടി.ടി.വി ദിനകരനുമായി സഖ്യമുണ്ടാക്കി ഉവൈസി; മൂന്ന് സീറ്റില്‍ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസി.

ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതായി ടി.ടി.വി ദിനകരന്‍ പത്രകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് സീറ്റിലാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കുക.

വാനിയാമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത്. നേരത്തെ ഡി.എം.കെ സഖ്യത്തില്‍ ചേരാന്‍ ഒവൈസിയുടെ പാര്‍ട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും (ഐ.യു.എം.എല്‍) മനിതനേയ മക്കള്‍ കച്ചിയും (എം.എം.കെ) എതിര്‍ക്കുകയായിരുന്നു.

അതേസമയം നേരത്തെ ദിനകരന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കണമെന്ന് ബി.ജെ.പി അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടിരുന്നു. എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു ബി.ജെ.പി വിലയിരുത്തിയത്.

എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയുമായോ ശശികലയുമായോ ഒരു തരത്തിലുള്ള നീക്കുപോക്കിനും സാധിക്കില്ലെന്നാണ് എ.ഐ.എ.ഡി.എം.കെയും നിലപാട്.ഇതിനിടെ ശശികലയെ ബി.ജെ.പിയുടെ കൂടെ കൂട്ടണമെന്ന നിലപാടുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ശശികല പ്രഖ്യാപിച്ചത്. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും അവരുടെ മരണശേഷവും അതിന് താല്‍പര്യമില്ലെന്നും ശശികല പ്രഖ്യാപിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക് മുമ്പാണ് ജയില്‍ മോചിതയായത്. നേരത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ തമിഴ്‌നാട്ടില്‍ മാറുമെന്നും ശശികലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Owaisi forms alliance with TTV Dinakaran in Tamil Nadu; It will contest in three seats

We use cookies to give you the best possible experience. Learn more