| Friday, 26th March 2021, 8:46 am

ഡി.എം.കെ നേതാവിന്റെ വീട്ടിലും സ്ഥാപനത്തിലും ഇന്‍കംടാക്‌സ് റെയ്ഡ്; നടപടി സ്ഥാനാര്‍ത്ഥിക്കായി എം.കെ സ്റ്റാലിന്‍ പ്രചാരണത്തിന് വന്നതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രതിപക്ഷ നേതാക്കളുടെ വീടുകളിലെ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഏറ്റവുമൊടുവില്‍ തമിഴ്‌നാട് തിരുവണ്ണാമലയില്‍ മുതിര്‍ന്ന ഡി.എം.കെ നേതാവും മുന്‍മന്ത്രിയുമായ എ.വി. വേലുവിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീട്ടിലുമാണ് റെയ്ഡ് നടന്നത്.

വേലുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തിരുവണ്ണാമലയില്‍ എത്തിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന നടന്നത്.

വേലുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എന്‍ജിനീയറിങ് കോളജുകളും രണ്ട് ആര്‍ട്‌സ് കോളജുകളും ഉള്‍പ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനറല്‍ വാട്ടര്‍ കമ്പനി ഓഫിസും ചെന്നൈ ആഴ്‌വാര്‍പേട്ടയിലെ വസതിയും ഉള്‍പ്പെടെ പത്തിലധികം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ബുധനാഴ്ച രാത്രിയാണ് സ്റ്റാലിന്‍ വേലുവിനായി തിരുവണ്ണാമലയില്‍ എത്തിയത്. . വേലുവിന്റെ അരുണൈ എന്‍ജിനീയറിങ് കോളജ് കാമ്പസിലുള്ള ഗസ്റ്റ്ഹൗസിലായിരുന്നു സ്റ്റാലിന്‍ താമസിച്ചിരുന്നത്.

പിന്നീട് വ്യാഴാഴ്ച രാവിലെ എ.വി. വേലുവിനുവേണ്ടി സ്റ്റാലിന്‍ പ്രചാരണത്തിനായി കോളജില്‍നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ഇരുപതോളം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.

നേരത്തെ കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണവാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെയും തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെയും പരിശോധനകള്‍ നടക്കുന്നുണ്ട്.

തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ. എം.എന്‍.എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: TN Election 2021 Income tax raid on DMK leader’s house and establishment; After MK Stalin visit candidate

We use cookies to give you the best possible experience. Learn more