എ.ഐ.എ.ഡി.എം.കെയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ കടലാസ് ബോട്ടുകള്‍ പോലെയായിരുന്നു; ഞാന്‍ 6,100 കോടി രൂപയുടെ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവെച്ചു: എം.കെ. സ്റ്റാലിന്‍
national news
എ.ഐ.എ.ഡി.എം.കെയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ കടലാസ് ബോട്ടുകള്‍ പോലെയായിരുന്നു; ഞാന്‍ 6,100 കോടി രൂപയുടെ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവെച്ചു: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th March 2022, 5:44 pm

ചെന്നൈ: ആറ് കമ്പനികളുമായി തമിഴ്നാട്ടില്‍ 6,100 കോടി രൂപയുടെ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവെച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശന വേളയിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യ ഔദ്യോഗിക വിദേശ പര്യടനം മികച്ച വിജയമാണെന്നും പുതിയ നിക്ഷേപത്തിലൂടെ 14,700 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും എം.കെ. സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപ നിര്‍ദേശങ്ങള്‍ കടലാസ് ബോട്ടുകളായാണ് നിന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ ഒപ്പുവെച്ച കരാറുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമയപരിധി തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും, ഞങ്ങള്‍ അത്തരം വ്യവസായങ്ങള്‍ കാലവധി തീരുന്നതിന് മുമ്പായി കൊണ്ടുവരികയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും, അതില്‍ ഒരു സംശയവും വേണ്ട,’ സ്റ്റാലിന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ യു.എ.ഇ യാത്രയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ”അവരുടെ പ്രതികരണം അങ്ങനെയായിരിക്കും, അതില്‍ എനിക്ക് ആശങ്കയില്ല,” എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫുഡ് ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി യു.എ.ഇ ആസ്ഥാനമായുള്ള റീട്ടെയില്‍ കമ്പനിയായ ലുലു ഗ്രൂപ്പ് തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുന്നെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍, വൈറ്റ് ഹൗസ്, ട്രാന്‍സ്വേള്‍ഡ് എന്നിവയാണ് തമിഴ്നാട് സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് കമ്പനികളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: TN CM Stalin says UAE visit a success, dubs AIADMK-era MoUs as ‘paper boats’