നിങ്ങളെ ദൈവം ശിക്ഷിക്കും; രാജയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രസംഗത്തിനിടെ വിതുമ്പി പളനിസ്വാമി
national news
നിങ്ങളെ ദൈവം ശിക്ഷിക്കും; രാജയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രസംഗത്തിനിടെ വിതുമ്പി പളനിസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 12:05 pm

ചെന്നൈ: ഡി.എം.കെ നേതാവ് എ. രാജയുടെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രചരണത്തിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇത്തരമാളുകള്‍ എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനേയും പളനിസ്വാമിയേയും താരതമ്യം ചെയ്യുന്ന പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോള്‍ ‘അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്’ എന്നായിരുന്നു പളനിസ്വാമിയെ വിശേഷിപ്പിച്ചത്.


എന്നാല്‍ എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിതെന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

‘മുഖ്യമന്ത്രി ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അവര്‍ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക. എന്റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവര്‍ ഒരു കര്‍ഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമര്‍ശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ’, പളനിസ്വാമി ചോദിച്ചു.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരോട് ദൈവം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് എം.കെ സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന് എ.രാജ പറഞ്ഞിരുന്നു. ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ശര്‍ക്കര മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന പളനിസ്വാമിയെ എങ്ങനെ സ്റ്റാലിനുമായി താരതമ്യപ്പെടുത്താന്‍ കഴിയും? സ്റ്റാലിന്റെ ചെരുപ്പിന്റെ വില നിങ്ങളെക്കാള്‍ ഒരു രൂപ കൂടുതലായിരിക്കും. സ്റ്റാലിനോട് ഏറ്റുമുട്ടാനുള്ള ധൈര്യം പളനിസ്വാമിയ്ക്കുണ്ടോ?’ എന്നും രാജ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TN CM Edappadi Palaniswany turns emotional, says God will punish DMK leader Raja