|

കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കണം. ദ്വീപ് തിരിച്ച് പിടിക്കുന്നതിലൂടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ഈ പ്രമേയം, ബുധനാഴ്ച തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രീലങ്കൻ നാവികസേന കാരണം അവർ നേരിടുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഏക ശാശ്വത പരിഹാരം കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കൽ മാത്രമാണെന്ന് പ്രമേയത്തിൽ പറയുന്നു.

കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാരാണെന്ന തെറ്റായ പ്രചാരണം ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് ഒരു ശീലമായി മാറിയിരിക്കുന്നുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ‘കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാരാണെന്ന തെറ്റായ പ്രചാരണം ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. കേന്ദ്ര സർക്കാരും ഇതേ തെറ്റ് ചെയ്യുന്നു. ഇത് ഖേദകരവും അസ്വീകാര്യവുമാണ്,’ അദ്ദേഹം പറഞ്ഞു.

കച്ചത്തീവിനെ സംബന്ധിച്ചിടത്തോളം, അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി അത് വിട്ടുകൊടുക്കുന്നതിനെ ശക്തമായി എതിർത്തു. അന്ന് ഡി.എം.കെ എം.പിമാരും അതിനെ എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘1974 ജൂൺ 28ന് കച്ചത്തീവ് കരാർ ഒപ്പിട്ടതിന്റെ പിറ്റേന്ന്, കരുണാനിധി ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്ത് അതിനെ അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കി. അതേ ദിവസം തന്നെ ഇന്ത്യ-ശ്രീലങ്ക കരാറിൽ കടുത്ത നിരാശ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അന്നത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതി.

കൂടാതെ, മുൻ മുഖ്യമന്ത്രി ജെ. ജയലളിത 1991 ഒക്ടോബർ മൂന്നിനും 2013 മെയ് മൂന്നിനും വിഷയത്തിൽ നിയമസഭാ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. ഒ. പനീർശെൽവം തന്റെ ഭരണകാലത്ത് 2014 മെയ് അഞ്ചിന് കച്ചത്തീവ് തിരിച്ചുപിടിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് ഒരു പ്രമേയം പാസാക്കി,’ സ്റ്റാലിൻ പറഞ്ഞു.

2021ൽ മുഖ്യമന്ത്രിയായ ശേഷം, താൻ ദ്വീപ് തിരിച്ചുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിക്കുക മാത്രമല്ല , മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കാൻ നിരവധി തവണ കത്തുകൾ എഴുതുകയും ചെയ്തതായി സ്റ്റാലിൻ പറഞ്ഞു.

മാർച്ച് 27ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 97 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജയിലുകളിലുണ്ടെന്ന സ്ഥിതിവിവരക്കണക്കുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. ഇത് പരിശോധിച്ചാൽ, ഒരു ദിവസം ശരാശരി രണ്ട് മത്സ്യത്തൊഴിലാളികളെയെങ്കിലും ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കാമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാത്രം ഏകദേശം 530 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിഎന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ അവതരിപ്പിച്ച ഫിഷറീസ് വകുപ്പിനെക്കുറിച്ചുള്ള നയരേഖയിൽ 2021 മുതൽ 2025 വരെ (2025 മാർച്ച് 27 വരെ) 1,383 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയതായി പറയുന്നു.

ശ്രീലങ്കയിലെ നെടുന്തീവിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലാണ് കച്ചത്തീവ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴ് മത്സ്യത്തൊഴിലാളികളും ഈ ദ്വീപിൽ മത്സ്യബന്ധനം നടത്തിവന്നിരുന്നു. 1974ൽ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പാക് കടലിടുക്കിലെ സമുദ്രാതിർത്തികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യ-ശ്രീലങ്കൻ സമുദ്ര കരാർ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കൻ പ്രദേശമായി അംഗീകരിച്ചു.

Content Highlight: TN Assembly passes resolution seeking retrieval of Katchatheevu island

Latest Stories