| Friday, 7th August 2020, 7:51 pm

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ മന്ത്രി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, നീക്കം 21 ബി.ജെ.പി നേതാക്കള്‍ തിരികെയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ഹുമയൂണ്‍ കബീര്‍സ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലാണ് ഹുമയൂണ്‍ കബീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. 21 ബി.ജെ.പി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഹുമയൂണ്‍ കബീറിന്റെ മടങ്ങിവരവ്.

കോണ്‍ഗ്രസ് നേതാവായാണ് ഹുമയൂണ്‍ കബീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2012ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്നാണ് മന്ത്രിയായത്.

ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുന്ന 21 നേതാക്കളില്‍ നാല് ലോക്സഭ എം.പിമാരും ഒരു എം.എല്‍.എയും 16 കൗണ്‍സിലര്‍മാരുമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നേതാക്കളില്‍ ചിലര്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നവരാണ്.

‘ബംഗാളില്‍ ബി.ജെ.പി തെറ്റായ വഴിയിലൂടെയാണ് പോകുന്നത്. ദീലീപ് ഘോഷും മുകുള്‍ റോയും തമ്മിലുള്ള അധികാര തര്‍ക്കമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത് അറിയാമെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദിലീപ് ഘോഷിനെ എല്ലാവരെയും ഇഷ്ടപ്പെടുന്നില്ല., അവിടെ പ്രശ്നങ്ങളുണ്ട്. ശക്തമായ വാക്കുകള്‍ പറയാന്‍ ശേഷിയുള്ള നേതാവായ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ അനങ്ങാന്‍ സമ്മതിക്കുന്നില്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന അവരുടെ നടപടിയെ ദിലീപ് ഘോഷ് അംഗീകരിക്കുന്നില്ല’, ആദ്യമായി ലോക്സഭ എം.പിയായ ബി.ജെ.പി മുതിര്‍ന്ന നേതാവ് ടൈംസ് നൗവിനോട് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി 42ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ മൂന്നു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരായിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയ് തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് പുറത്ത് പോവും എന്ന് കേള്‍ക്കുന്ന പേരുകള്‍ മുകുള്‍ റോയിയുടെ അടുത്ത അനുയായികളുടേതാണ്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ബിപ്ലവ് മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇനിയും ഏറെ നേതാക്കള്‍ മടങ്ങിയെത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്ന റിപ്പോര്‍ട്ടുകളെ ബി.ജെ.പി തള്ളി. ബി.ജെ.പി ജനപ്രതിനിധികളായി ജനിച്ചവരെല്ലാം പാര്‍ട്ടിയോടൊപ്പം തന്നെ നില്‍ക്കുമെന്നാണ് പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more