| Wednesday, 15th May 2019, 12:19 pm

തൃണമുല്‍ ബി.ജെ.പി സംഘര്‍ഷം; ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര യോഗം ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര യോഗം ചേരും. ഇന്നു രാവിലെ 11ന് കൊല്‍ക്കത്തയില്‍ യോഗം ചേരാനാണ് തീരുമാനം.

അമിത് ഷായുടെ കൊല്‍ക്കത്തയിലെ റാലിയ്ക്കിടെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബി.ജെ.പി നേതാക്കള്‍ മമതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

അമിത്ഷായുടെ റോഡ്‌ഷോയ്ക്കിടെ ബി.ജെ.പി പ്രവര്‍ത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അമിത് ഷാ രാജസ്ഥാനില്‍ നിന്നും യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഗുണ്ടകളെ ഇറക്കിയെന്ന് മമതാ ബാനര്‍ജിയും ആരോപിച്ചിരുന്നു. ഇക്കാര്യം ബംഗാളി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പിമ്പുകളായ ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും മമത പറഞ്ഞിരുന്നു. അവരെ വിട്ടേക്കെന്നും മമത പറഞ്ഞു.

‘ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയണം. അമിത് ഷായുടെ റാലി അവസാനിച്ചതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്യാസാഗര്‍ കോളേജിന് തീ വെച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു. നക്സല്‍ കാലത്ത് പോലും കൊല്‍ക്കത്ത ഇതുപോലുള്ള നാണക്കേടിന് സാക്ഷ്യം വഹിച്ചിട്ടില്ല’ മമത പറഞ്ഞു.

We use cookies to give you the best possible experience. Learn more