20 വര്‍ഷത്തേക്ക് എനിക്ക് മന്ത്രിസ്ഥാനം വേണ്ട; അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ പോസ്റ്റിനെക്കുറിച്ച് ഇങ്ങനെ പറയുമോ? വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി
national news
20 വര്‍ഷത്തേക്ക് എനിക്ക് മന്ത്രിസ്ഥാനം വേണ്ട; അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ പോസ്റ്റിനെക്കുറിച്ച് ഇങ്ങനെ പറയുമോ? വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th June 2021, 9:07 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.

ബി.ജെ.പിയെ പരാജയപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും രാജ്യം സംരക്ഷിക്കുകയും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നും അഭിഷേക് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിഷേക്.

കുടുംബവാഴ്ചയാണു തൃണമൂലില്‍ നടക്കുന്നതെന്ന ബി.ജെ.പി ആരോപണത്തിനും അഭിഷേക് ബാനര്‍ജി മറുപടി പറഞ്ഞു.

” ഞങ്ങള്‍ ,കുടുംബവാഴ്ച നടത്തുന്നുവെന്ന് ഒരു ക്യാംപെയ്ന്‍ നടത്തി. തെരഞ്ഞെടുപ്പില്‍ അതിന് ആളുകള്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി. എനിക്ക് ബി.ജെ.പിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹമുണ്ട്, ചിലപ്പോള്‍ വളരെ മോശമായിരിക്കുന്നതിനേക്കാള്‍ നല്ലതാണ് കുടുംബവാഴ്ച,” അഭിഷേക് പറഞ്ഞു.

കുടുംബവാഴ്ച രാഷ്ട്രീയം ശക്തമാണെന്നു തോന്നിയാല്‍ അതിനെ നിരോധിക്കുന്ന നിയമം കൊണ്ടുവരാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുന്നുവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

ബി.ജെ.പി അത്തരമൊരു ബില്‍ പാസാക്കിയാല്‍ തന്റ സ്ഥാനത്തു നിന്നു രാജിവെയ്ക്കുമെന്നും എന്നാല്‍ ബി.ജെ.പിയില്‍ കുടുംബവാഴ്ച ഉള്ളതുകൊണ്ടു തന്നെ ബി.ജെ.പി. നിയമം കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 20 വര്‍ഷത്തേക്കു തനിക്ക് ഒരു മന്ത്രിസ്ഥാനവും ആവശ്യമില്ലെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ പോസ്റ്റിനെക്കുറിച്ച് ഇങ്ങനെ പറയുമോ എന്നും അഭിഷേക് ബാനര്‍ജി ചോദിച്ചു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നു പ്രചാരണം നടത്തിയ ബി.ജെ.പിക്കു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ
അടുത്തെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: TMC to look beyond Bengal, will go to a state only to win: Abhishek Banerjee