| Monday, 11th May 2020, 8:28 pm

പശ്ചിമബംഗാളില്‍ പോര് മുറുകുന്നു; ബി.ജെ.പിയെ വെട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെച്ചൊല്ലി ബി.ജെ.പി പശ്ചിമബംഗാളില്‍ മമതാ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സോഷ്യല്‍മീഡിയയെ ആയുധമാക്കിയുള്ള പ്രചരണ പരിപാടികള്‍ക്ക് തൃണമൂല്‍ തുടക്കമിട്ടു. ഗുജറാത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ നിരാശാജനകമായ പ്രകടനം നടത്തുന്ന ബി.ജെ.പിയെ ചൂണ്ടിക്കാണിച്ചാണ് തൃണമൂലിന്റെ നീക്കം.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ നിരന്തരം ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ നടത്തിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പിയുടെ നുണ പ്രചാരണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചാണ് ആദ്യഘട്ട സോഷ്യല്‍മീഡിയാ ക്യാമ്പയിനുകള്‍ നടത്തുന്നത്.

മധ്യപ്രദേശും ഗുജറാത്തുമടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മോശം പ്രകടനങ്ങളുടെ വിവരങ്ങളും വീഡിയോകളും ശേഖരിക്കാന്‍ കിഷോറും തൃണമൂല്‍ നേതൃത്വവും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി പ്രശാന്ത് കിഷോറിനെ സമീപിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഷോറിന്റെ നേതൃത്വത്തില്‍ വന്‍ വിജയം നേടാനും ബി.ജെ.പിയെ പരാജയപ്പെടുത്താനുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെക്കാളും നാല് സീറ്റുകള്‍ മാത്രമായിരുന്നു ബി.ജെ.പിക്ക് കുറവുണ്ടായിരുന്നത്. ഇത് പാര്‍ട്ടി നേതൃത്വങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

വീഡിയോ കോണ്‍ഫറന്‍സുകള്‍, പ്രൊമോഷണല്‍ വീഡിയോകള്‍, വിവിധ പദ്ധതികള്‍, വിവരങ്ങളുടെ അവതരണങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് തൃണമൂല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ബി.ജെ.പിയുടെ നുണ പ്രചരണങ്ങളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എം.എല്‍.എമാര്‍, പ്രാദേശിക ഭരണകൂടം തുടങ്ങിയവരുടെ സന്ദേശവും പ്രചരിപ്പിക്കുമെന്ന് ഒരു തൃണമൂല്‍ നേതാവ് പി.ടി.ഐയോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more