D' Election 2019
പാര്‍ട്ടി വിരുദ്ധ പ്രസ്താവന; ബി.ജെ.പി നേതാവിന്റെ മകനും തൃണമൂല്‍ എം.എല്‍.എയുമായ സുബ്രംഗ്ഷു റോയിക്ക് ആറു വര്‍ഷത്തെ സസ്പെന്‍ഷന്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി ആദ്യമായി രണ്ടക്കം കടന്നതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ തൃണമൂല്‍ എം.എല്‍.എ സുബ്രംഗ്ഷു റായിക്ക് സസ്‌പെന്‍ഷന്‍. ആറു വര്‍ഷത്തേക്കാണ് സുബ്രംഗ്ഷുവിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് മുകുള്‍ റാേയുടെ മകനും കൂടിയാണ് സുബ്രംഗ്ഷു.
‘അദ്ദേഹം തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മമത ബാനര്‍ജിയുമായി കൂടിയാലോചിച്ച ശേഷമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്’- തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
ബിജിപൂര്‍ എം.എല്‍.എയായ സുബ്രാംഗ്ഷു തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി ബി.ജെ.പിയുടേയും തന്റെ പിതാവിന്റെയും സംഘാടന മികവിനെ പ്രകീര്‍ത്തിച്ചിരുന്നു. തന്റെ നിയമസഭാ മണ്ഡലത്തില്‍ നിന്നും തൃണമൂലിന് വേണ്ടി പ്രചാരണം നടത്തിയെന്നും, എന്നാല്‍ തന്നെക്കാള്‍ മികച്ചു നിന്ന അച്ഛന്റെ പ്രചാരണത്തോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും സുബ്രാംഗ്ഷു പറഞ്ഞു.
‘എന്റെ പിതാവിനോട് പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് ഒരപമാനവുമില്ല. അദ്ദേഹം ബംഗാള്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ചാണക്യനാണ്. ആളുകള്‍ ഞങ്ങള്‍ക്കെതിരെ വോട്ടു ചെയ്യുകയും, ഞങ്ങളുടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. ഞങ്ങളത് അംഗീകരിച്ചേ മതിയാവൂ’- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തൃണമൂലിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്ന മുകുള്‍ റോയ് 2017 നവംബറിലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തുന്നത്.
ബംഗാളില്‍ 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്.
സംസ്ഥാനത്ത് ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളിലും അതിര്‍ത്തി മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 2021ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.