| Thursday, 11th April 2019, 12:12 pm

വോട്ടു ചെയ്താല്‍ അനുഭവിക്കേണ്ടിവരും: കത്തിയും കുന്തവുമായി പോട്ടൂര്‍കുത്തിയിലെ വോട്ടര്‍മാരെ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്താല്‍ അനുഭവിക്കേണ്ടിവരുമെന്ന് പോട്ടൂര്‍കുത്തിയിലെ വോട്ടര്‍മാരെ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയതായി ആരോപണം. കത്തിയും ഇരുമ്പു ദണ്ഡുമായും എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

നേരത്തെ ഇന്ത്യയ്ക്കകത്തെ ബംഗ്ലാദേശി പൗരന്മാര്‍ താമസിച്ചിരുന്ന ഇടമാണ് പോട്ടൂര്‍കുത്തി. നിലവില്‍ ഇന്ത്യന്‍ പൗരന്മാരായ ഇവര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ്. 3000ത്തോളം പേരാണ് ഇവിടെയുള്ളത്. ഇതില്‍ പകുതിയിലേറെപേര്‍ക്കും വോട്ടുണ്ട്. പോട്ടൂര്‍കുത്തിയിലെ 128, 129, 173 ബൂത്തുകളിലാണ് ഇവര്‍ക്ക് വോട്ടുള്ളത്.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ 80ല്‍ എട്ട് സീറ്റുകളില്‍ ഇന്ന് പോളിങ് നടക്കും.

സഹാറണ്‍പൂര്‍, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗര്‍ എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.

പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിന്‍ ഗഡ്കരി(നാഗ്പൂര്‍), കിരണ്‍ റിജിജു(വടക്കന്‍ അരുണാചല്‍), ജനറല്‍ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാല്‍ സിംഗ്(ബാല്‍ഘട്ട്), മഹേഷ് ശര്‍മ്മ( ഗൗതം ബുദ്ധ നഗര്‍), ആര്‍.ജെ.ഡി. തലവന്‍ അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more