''ഇ.വി.എം വേണ്ട, പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണം''; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
India
''ഇ.വി.എം വേണ്ട, പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണം''; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 12:17 pm

ന്യൂദല്‍ഹി: പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍. പാര്‍ലമെന്റിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം നിന്നായിരുന്നു പ്ലക്കാര്‍ഡുകള്‍ ഏന്തിയുള്ള എം.എല്‍.എമാരുടെ പ്രതിഷേധം. ”ഇ.വി.എം വേണ്ട, പേപ്പര്‍ ബാലറ്റ് മതി” എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയത്.

തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ദേരക് ഒബ്രെയിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് കൊണ്ടുവരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാമ്പയിന്‍ ആരംഭിക്കുമെന്നും ഇതേ ആവശ്യം ഉന്നയിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച രണ്ട് ശതമാനം ഇ.വി.എമ്മുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. 98 ശതമാനം ഇ.വി.എമ്മുകളും പരിശോധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ 20 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് ബി.ജെ.പിക്ക് എങ്ങനെ പറയാന്‍ സാധിച്ചു. 42 ല്‍ 18 സീറ്റ് അവര്‍ക്ക് കിട്ടി. ഈ പ്രവചനം എങ്ങനെ സാധ്യമായെന്നും മമത ചോദിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പുമായി ഇ.വി.എം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകള്‍ എന്നിയാല്‍ മതിയെന്നും കൂടുതല്‍ എണ്ണേണ്ട കാര്യമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.