കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്ത് ബി.ജെ.പിക്കാര്‍; വീഡിയോ പുറത്തുവിട്ട് തൃണമൂല്‍: അമിത് ഷാക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
D' Election 2019
കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്ത് ബി.ജെ.പിക്കാര്‍; വീഡിയോ പുറത്തുവിട്ട് തൃണമൂല്‍: അമിത് ഷാക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 1:16 pm

കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കൊല്‍ക്കത്തയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ അക്രമത്തിന് തുടക്കം കുറിച്ചത് ബി.ജെ.പി തന്നെയാണെന്നതിന്റെ തെളിവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തുവിട്ടു. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടു.

അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് തൃണമൂല്‍ ആരോപിച്ചു.

വിദ്യാസാഗര്‍ കോളേജ് പൂര്‍ണമായും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കോളേജിന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും കത്തിച്ചു. അമിത് ഷാ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചായിരുന്നു അവര്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നും തൃണമൂല്‍ വ്യക്തമാക്കി. എന്നാല്‍ ബംഗാളില്‍ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ജീവനോടെ തിരിച്ചെത്തിയത് സി.ആര്‍.പി.എഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.