| Saturday, 4th May 2024, 9:06 pm

സന്ദേശ്ഖാലിക്കേസ് ബി.ജെ.പി മുന്‍കൂട്ടി തയ്യാറാക്കിയത്; ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖ് പ്രതിയായ സന്ദേശ്ഖാലി കേസ് മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ടി.എം.സി. പശ്ചിമബംഗാളിലെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കെയ്ല്‍ സംസാരിക്കുന്നതിനിടെ രഹസ്യമായി പകര്‍ത്തിയതെന്ന് അവകാശപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടത്.

സന്ദേശ്ഖാലിക്കേസ് ടി.എം.സി പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് ഇയാള്‍ ദൃശ്യങ്ങളില്‍ പറയുന്നത്. ലൈംഗികാതിക്രമ കേസടക്കം ബി.ജെ.പിയുടെ പദ്ധതിയാണെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി ശനിയാഴ്ചയാണ് ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ടി.എം.സിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടത്.

ബംഗാളിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയെ കുറിച്ചാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. സന്ദേശ്ഖാലി ഗൂഢാലോചനക്ക് പിന്നില്‍ സുവേന്ദു അധികാരിയാണെന്നും ഇയാള്‍ പറഞ്ഞു.

‘തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖ് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിക്കാന്‍ മൂന്ന് നാല് സ്ത്രീകളെ പ്രേരിപ്പിക്കാന്‍ സുവേന്ദു അധികാരി എന്നോടും ഗ്രാമത്തിലെ മറ്റ് ബി.ജെ.പി നേതാക്കളോടും നിര്‍ദേശിച്ചു,’ ബി.ജെ.പി നേതാവെന്ന് തൃണമൂല്‍ അവകാശപ്പെടുന്നയാള്‍ പറഞ്ഞു.

എന്നാല്‍ ദൃശ്യങ്ങളുടെ സാധുത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. ചെയ്ത തെറ്റുകള്‍ മറയ്ക്കുന്നതിന് വേണ്ടി ടി.എം.സിയുടെ ഗൂഢാലോചനയാണ് ദൃശ്യങ്ങള്‍ക്ക് പിന്നിലെന്ന് ബി.ജെ.പി പ്രതികരിച്ചു.

അതിനിടെ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ചതാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

സന്ദേശ്ഖാലിയില്‍ ഭൂമികയ്യേറ്റക്കേസിലും പീഡനക്കേസിലും ടി.എം.സി നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.

Content Highlight: TMC shares clip of BJP leader ‘admitting’ Sandeshkhali incident was pre-planned

We use cookies to give you the best possible experience. Learn more