ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരിയുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി തൃണമൂല്‍ എം.പി സൗഗത റോയ്. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃണമൂല്‍ കോണ്‍ഗ്രസിന് സുവേന്തു അധികാരി ഒരു അടഞ്ഞ അധ്യായമായി എന്നാണ് സൗഗത റോയ് പ്രതികരിച്ചത്.
2021 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെതിരെ സുവേന്തു അധികാരി രംഗത്തെത്തിയിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
‘പ്രശാന്ത് കിഷോര്‍ വരുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമൊക്കെയാണ്. അദ്ദേഹത്തെക്കുറിച്ച് സുവേന്തു മോശമായി സംസാരിച്ചത് ഒരിക്കലും ശരിയായില്ല,’ സൗഗതാ റോയി പറഞ്ഞു.
നേരത്തെ പാര്‍ട്ടിയിലെ നിരവധി എം.എല്‍.എമാര്‍ പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും സൗഗതാ റോയ് രംഗത്തെത്തി.
‘തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അവര്‍ പ്രശാന്ത് കിഷോറിനും ദീദി (മമത)യ്ക്കുമെതിരെ സംസാരിച്ചാല്‍, ഞങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വേറെയും ആവശ്യത്തിന് വിശ്വസ്തരുണ്ട് മത്സരിക്കാനും ജയിക്കാനുമെന്ന് കരുതും,’ സൗഗതാ റോയ് പറഞ്ഞു.
അതേസമയം സുവേന്തു അധികാരിയുമായി സൗഗതാ റോയിയും പ്രശാന്ത് കിഷോറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നാണ് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അധികാരി ബി.ജെ.പിയിലേക്ക് പോകില്ലെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും മമത ബാനര്‍ജിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.
കുറച്ചു നാളുകളായി അധികാരി തൃണമൂലിനോട് പ്രകടമായ അകല്‍ച്ച കാണിച്ചിരുന്നു. പാര്‍ട്ടിയുടെ പോരോ ചിഹ്നമോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനങ്ങളാണ് തന്റെ അവസാന വാക്കെന്ന് പറഞ്ഞിരുന്നു. ബംഗാളിന്റെ ബംഗാളി ആയിരിക്കും താനെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക