| Saturday, 12th December 2020, 10:58 pm

ബംഗാളില്‍ ബി.ജെ.പി ജയിച്ചില്ലെങ്കില്‍ മമത കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്: ബംഗാള്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ മന്ത്രി. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചില്ലെങ്കില്‍ മമതാ ബാനര്‍ജിയെ അവര്‍ രഹസ്യമായി കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ മന്ത്രി സുബ്രതാ മുഖര്‍ജി പറഞ്ഞത്.

സംസ്ഥാനത്ത് നടത്തിയ ഒരു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബി.ജെ.പി ജയിച്ചില്ലെങ്കില്‍ അവര്‍ രഹസ്യമായി ആളെ അയച്ച് മമതയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തും,’ അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ പോര് തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സുബ്രതാ മുഖര്‍ജിയുടെ പ്രസ്താവന. നേരത്തെ ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബംഗാളില്‍ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതെന്നാണ് തൃണമൂലിന്റെ ആരോപണം. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാരിനെതിരെ തിരിയാന്‍ രാഷ്ട്രീയ നടപടികളിലൂടെ ബി.ജെ.പി നിര്‍ബന്ധിക്കുന്നുവെന്നും ഇത്തരം നടപടിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായത്.

ഇതിനിടയില്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ബംഗാളില്‍ നിന്ന് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരേയും കേന്ദ്രം തിരികെ വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TMC’s Subrata Mukherjee says BJP may conspire to assassinate Mamata Banerjee if it fails to win

We use cookies to give you the best possible experience. Learn more