കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിയ നിലയില്‍. കൂച്ച് ബിഹാറിലെ ഓഫീസാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നില്‍ ബി.ജെ.പി ആണെന്നാണ് ടി.എം.സിയുടെ ആരോപണം.
ബറോകോദാലിയില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്യുന്നുവെന്ന ആരോപണവും ടി.എം.സി ഉയര്‍ത്തുന്നുണ്ട്.
വ്യാഴാഴ്ച രാത്രി കൂച്ച് ബിഹാറില്‍ നടന്ന അജ്ഞാതരുടെ ആക്രമണത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബി.ജെ.പിയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും ടി.എം.സിയുടെ ദിന്‍ഹത എം.എല്‍.എയുമായ ഉദയന്‍ ഗുഹ ആരോപിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റതായി ഉദയന്‍ ഗുഹ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചെയ്യാന്‍ എത്തുന്ന തങ്ങളുടെ അനുയായികളെയും പ്രവര്‍ത്തകരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി ഭീക്ഷണിപ്പെടുത്തുന്നതായും ടി.എം.സി ആരോപിക്കുന്നുണ്ട്. ഇതില്‍ ടി.എം.സി തെരഞ്ഞെടുപ്പു കമ്മീഷന്റെ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളെ കബളിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു പ്രചരണം നടത്തുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു. ടി.എം.സി തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു. ഇതിനിടയില്‍ ബി.ജെ.പിയും ടി.എം.സിയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: TMC’s Election Committee Office Burnt Down In Bengal