ന്യൂദല്‍ഹി: കോണ്‍ഗ്രസിന് അടിത്തറ നഷ്ടമാകുന്ന സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ എന്‍.സി.പിയും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. ബി.ജെ.പി വിരുദ്ധ മുന്നണിയ്ക്ക് ഒരുവശത്ത് തൃണമൂലും എന്‍.സി.പിയും കോപ്പുകൂട്ടുമ്പോള്‍ മറുവശത്ത് നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ വലയുകയാണ് കോണ്‍ഗ്രസ്.
ഇത് ബി.ജെ.പിയെ സഹായിക്കുമെന്നതിനാലാണ് സ്വാധീനം കുറവുള്ള മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ നീക്കം. തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാന്‍ കഴിയാത്തതും നടപടികള്‍ വേഗത്തിലാക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്.
‘ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്. അസമിലും കേരളത്തിലും ഇത് തന്നെ അവസ്ഥ. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ആര്‍.ജെ.ഡി വലിയ ഒറ്റക്കക്ഷിയാകാത്തത് സീറ്റ് വിഭജനത്തിലെ കോണ്‍ഗ്രസിന്റെ അനാവശ്യ ശാഠ്യം മൂലമാണെന്നും വിമര്‍ശം നേരിട്ടു,’ പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ബംഗാളിലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും മാറി. അസമിലും തെലങ്കാനയിലും ആന്ധ്രയിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാദേശിക പാര്‍ട്ടിയിലേക്ക് മാറിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസിന്റെ അടിത്തറയിളകുന്ന സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളായ എസ്.പിയും ആര്‍.ജെ.ഡിയും സ്വാധീനമുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി വിരുദ്ധ ചേരി ശക്തി വര്‍ധിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ പറയുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് വിലകൊടുക്കേണ്ടിവരുന്നതെങ്കില്‍ പോലും അത് മുഖവിലയ്‌ക്കെടുക്കേണ്ടെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ നയം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും അസമിലും ചുവടുറപ്പിക്കാനാണ് മമത ശ്രമിക്കുന്നത്.
അതേസമയം സോണിയ ഗാന്ധിയുമായി ജൂലൈയില്‍ മമത കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗം സോണിയ വിളിച്ചുചേര്‍ത്തിട്ടുണ്ട്.