നിങ്ങൾക്ക് വീട്ടിൽ പോകാം അല്ലെങ്കിൽ കാമുകനൊപ്പം പോകാം പക്ഷേ ഒരു രോഗി മരിച്ചാൽ നിങ്ങളെ വെറുതെ വിടില്ല; ഡോക്ടർമാരുടെ സമരത്തിനെതിരെ തൃണമൂൽ എം.പി
national news
നിങ്ങൾക്ക് വീട്ടിൽ പോകാം അല്ലെങ്കിൽ കാമുകനൊപ്പം പോകാം പക്ഷേ ഒരു രോഗി മരിച്ചാൽ നിങ്ങളെ വെറുതെ വിടില്ല; ഡോക്ടർമാരുടെ സമരത്തിനെതിരെ തൃണമൂൽ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th August 2024, 8:04 pm

 

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കുന്നതിനായുള്ള പ്രതിഷേധ സമരത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി അരൂപ് ചക്രവർത്തി രംഗത്ത്.

പ്രതിഷേധത്തിന്റെ പേരിൽ അവർ ചിലപ്പോൾ വീട്ടിലേക്ക് പോകുമായിരിക്കും ഒന്നുകിൽ കാമുകന്റെ കൂടെ പോകുമായിരിക്കും എന്നാൽ ഡോക്ടർമാരുടെ സമരം മൂലം ഒരു രോഗി മരിച്ചാൽ അവരോട് ജനങ്ങൾ ക്ഷമിക്കില്ല എന്ന് അരൂപ് ചക്രവർത്തി പറഞ്ഞു. പശ്ചിമബംഗാളിലെ ബാങ്കുരയിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻറെ ആരോപണം.

‘പ്രതിഷേധത്തിന്റെ പേരിൽ നിങ്ങൾക്ക് വീട്ടിൽ പോകാം. അല്ലെങ്കിൽ നിങ്ങളുടെ കാമുകനൊപ്പം പോകാം. എന്നാൽ സമരം കാരണം ഒരു രോഗി മരിച്ചാൽ പൊതുജന രോഷം നിങ്ങൾക്കെതിരെ തിരിയും എന്നതിൽ സംശയമില്ല. പക്ഷെ നിങ്ങളെ രക്ഷിക്കാൻ അപ്പോൾ ആരും വരില്ല, അരൂപ് പറഞ്ഞു.

വേദിയിൽ നിന്നിറങ്ങിയതിനു ശേഷം മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വിവാദപരമായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന ചോദിച്ചു. താൻ തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു എന്ന അദ്ദേഹം ആവർത്തിച്ചു. ഡോക്ടർമാർ പണിമുടക്കുന്നു. ഒരു സമരത്തിൻറെ പേരിൽ അവർ ആശുപത്രിയിൽ നിന്നും പുറത്തിറക്കിയിരിക്കുകയാണ്. ആളുകൾ ചികിത്സ കിട്ടാതെ മരിക്കും. ഇത് ജനരോഷം അവർക്കെതിരെ തിരിയുന്നതിന് കാരണമാകും അവരെ രക്ഷിക്കാൻ ഞങ്ങൾക്കാവില്ല. അദ്ദേഹം ആവർത്തിച്ചു.

ഇത് ആദ്യമായല്ല തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആർ.ജി കാർ ഹോസ്പിറ്റലിലെ പ്രതിഷേധ സമരത്തിനെതിരെ തിരിയുന്നത്. മറ്റൊരു ടി.എം.സി നേതാവായ ബംഗാൾ ഉദയൻ ഗുഹ ആർ.ജി കാർ ആശുപത്രിയിലെ പ്രതിഷേധക്കാർക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മമതാ ബാനർജിക്കെതിരെ വിരലുകൾ ഉയർത്തുന്നവരുടെ വിരലുകൾ തങ്ങൾ ഒടിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതോടെ പലരും പ്രതിഷേധക്കാരെ വിമർശിക്കാനും മമതാ ബാനർജി സർക്കാറിനെ പ്രതിരോധിക്കാനും തിടുക്കം കൂട്ടുകയാണെന്ന വിമർശനം പരക്കെ ഉയരുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരി ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അനുശോചിച്ച് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മമത സര്‍ക്കാരിന്റെ നേതൃത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

തൃണമൂല്‍ ഭാഗമായ ഇന്ത്യാ മുന്നണിയില്‍ നിന്ന് പോലും ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളിയെ സംരക്ഷിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നടപടിയെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചേദ്യം ചെയ്തു.

 

 

Content Highlight: TMC MP targets doctors on strike: ‘You may go home or go about with your boyfriend, but if a patient dies… we won’t save you