|

ഇ.ഡിയെ കൂട്ടുപിടിച്ച് കേന്ദ്രം പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രണ്ട് വര്‍ഷം മുമ്പ് വന്ന വാര്‍ത്താലേഖനവുമായി ബന്ധപ്പെട്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യസഭാ എം.പി സാകേത് ഗോഖലെയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.

രണ്ട് വര്‍ഷം മുമ്പ് സാകേത് ഗോഖലെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ ഒരു വാര്‍ത്താലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കേസുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് മറുപടിയായി അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. എച്ച്.ഡി.എഫ്.സി ബാങ്കിന്റേതാണ് വിചിത്രമായ നടപടി.

‘വാര്‍ത്താ ലേഖനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നുവെന്ന് പറഞ്ഞ് ബാങ്കിലെ ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. നിങ്ങള്‍ക്കെതിരെയുള്ള എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റിന്റെ കേസിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നവെന്നും അവര്‍ പറഞ്ഞു,’ സാകേത് ഗോഖലെ പറഞ്ഞു.

കേസിന് രണ്ട് വര്‍ഷം പഴക്കമുണ്ടെന്ന് പറഞ്ഞെങ്കിലും വാര്‍ത്താ ലേഖനത്തിന്റെ പശ്ചാത്തലത്തിലും ഇ.ഡി ഉള്‍പ്പെട്ടതിനാലും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്ന മറുപടി ലഭിച്ചതെന്ന് എം.പി പറയുന്നു.
നിലവില്‍ ഉത്തരവുകളൊന്നും തന്നെ ഇല്ലാതെയാണ് തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് എം.പി പറയുന്നത്.

മോദിയുടെ ഭരണത്തിന് കീഴിലെ ഭീകരതയാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്നും രണ്ട് വര്‍ഷം പഴക്കമുള്ള ഒരു കേസിനെ കുറിച്ച് വാര്‍ത്താ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുത്ത് പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന നയം നിയമവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിനുള്ള പുതിയ നയമാണോ എന്നും സാകേത് ഗോഖലെ ചോദിക്കുന്നു.

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ഔര്‍ ഡെമോക്രസി വഴി 1700ലധികം ആളുകളില്‍ നിന്ന് ഗോഖലെ 72 ലക്ഷം രൂപ പിരിച്ചെടുത്തെന്നും ആ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമാണ് കേസ്. 2022ല്‍ നടന്ന കേസിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഇ.ഡി കേസെടുക്കുകയായിരുന്നു.

എന്നാല്‍ നേരത്തെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നതായും ഇ.ഡിയെ കൂട്ടുപിടിച്ചുകൊണ്ട് പ്രതിപക്ഷത്തെ ആക്രമിക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് ഉള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതെല്ലാം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനായുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Content Highlight:tmc mp saketh gokhale said that bank account frozen due to news article ed case claims