ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു എം.പിയുമായ നുസ്രത്ത് ജഹാന്‍ ജുഹി. ചില ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കണ്ണില്‍പൊടിയിടാനുള്ള നീക്കമാണെന്നും ആലോചനകളില്ലാത്ത ആവേശത്തിന് പുറത്തുന്ന നീക്കമാണെന്നും നുസ്രത്ത് ജഹാന്‍ ആരോപിച്ചു.
ടിക് ടോക്ക്, യു.സി ബ്രൗസര്‍ അടക്കം 59 ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എം.പിയുടെ വിമര്‍ശനം.
‘മറ്റെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെയുള്ള ഒന്നാണ് ടിക് ടോക്ക്. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായും മറ്റും നേരിട്ട് സംവധിക്കാനുള്ള മാര്‍ഗമാണ് അത്. നിരോധനം രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കില്‍ നിരോധനത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ ചില ആപ്പുകള്‍ മാത്രം നിരോധിക്കാനുള്ള തീരുമാനം കണ്ണില്‍ പൊടിയിടുന്നതും ആവേശത്തിന്റെ മാത്രം പുറത്തുള്ളതുമായ തീരുമാനമാണ്’, നുസ്രത്ത് ജഹാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നുസ്രത്ത് ജഹാന്‍ ആശങ്കകളുന്നയിച്ചു. ‘നോട്ട് നിരോധനത്തിന് പിന്നാലെ ഒന്നാം പേജിലെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രവുമായി പുറത്തുവന്ന കമ്പനികളിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ച് എന്തുപറയുന്നു? നയതന്ത്രത്തിലൂടെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളിലൂടെയും എന്താണ് നേടിയത്? കൂടാതെ, പ്രതിമാസം സമ്പാദിക്കാനുള്ള മാര്‍ഗം നഷ്ടപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ കാര്യമോ?’, നുസ്രത്ത് ജഹാന്‍ ചോദിച്ചു.
ഈ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുകയാണ്. പണപ്പെരുപ്പം കൂട്ടാതെയും സാധാരണക്കാരുടെ വരുമാനത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താതെയും ചൈനീസ് വിതരണ ശൃംഖലയില്‍ നിന്ന് മാറാന്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 17 സ്ത്രീകളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെയായിരുന്നു നുസ്രത്ത് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കുന്നത്. മുന്‍ കാല രാഷ്ട്രീയ പരിചയമില്ലാതിരുന്നിട്ടും ബി.ജെ.പിയുടെ സയന്തന്‍ ബസുവിനെ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നുസ്രത്ത് ജഹാന്‍ ലോക്‌സഭയിലെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ