ന്യൂദല്‍ഹി: മഹുവ മൊയിത്ര. ഈ പേര് അത്ര പരിചിതമായിരിക്കില്ല പലര്‍ക്കും. പക്ഷേ ഇന്നുമുതല്‍ മഹുവ ദേശീയരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭയിലെത്തിയ മഹുവ ഇന്ന് പാര്‍ലമെന്റിനെയാകെ പ്രകമ്പനം കൊള്ളിച്ച് നടത്തിയ പ്രസംഗമാണ് ഇതിനു കാരണം.
പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്‌ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജനവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ് സാധാരണമായാണ് അവര്‍ ഇന്ന് ലോക്‌സഭയില്‍ തന്റെ കന്നിപ്രസംഗം തുടങ്ങിയത്.
വെറും 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗമായിരുന്നു അത്. എല്ലാറ്റിനേക്കാളും പ്രധാനപ്പെട്ടത് വിയോജിപ്പാണെന്നു പറഞ്ഞാണ് അവര്‍ മോദിസര്‍ക്കാരിനെതിരായ ആക്രമണം ആരംഭിച്ചത്. ലോക്‌സഭ സന്തുലിതമല്ലെന്നും ഭരണകക്ഷിയുടെ അഭൂതപൂര്‍വവും പ്രതിപക്ഷത്തിന്റെ ശുഷ്‌കിച്ചതുമായ അംഗസംഖ്യയാണ് ഇതിനു കാരണമെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു.
‘അതില്‍ ആദ്യത്തേത്, ബി.ജെ.പിയുടെ അമിതമായ ദേശീയതാവാദമാണ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്.
മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചു മാത്രമാണ് മോദിസര്‍ക്കാര്‍ ദേശീയ പൗരത്വപ്പട്ടികയും പൗരത്വബില്ലും അടക്കമുള്ളവ കൊണ്ടുവന്നത്.
രാജ്യം കീറിമുറിക്കപ്പെട്ടുകഴിഞ്ഞു. പൗരന്മാരെ വീടുകളില്‍ നിന്നു പുറത്താക്കി, അവരെ അനധികൃത കുടിയേറ്റക്കാരെന്നു വിളിക്കുന്നു. 50 വര്‍ഷമായി രാജ്യത്തു ജീവിക്കുന്നവര്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ ഒരു കഷ്ണം പേപ്പര്‍ കാണിക്കേണ്ട അവസ്ഥയിലാണ്. കോളേജില്‍ നിന്ന് ബിരുദം നേടിയവരാണെന്നു തെളിയിക്കാന്‍ വേണ്ടി ഡിഗ്രി കാണിക്കാത്ത മന്ത്രിമാരുള്ള രാജ്യത്താണ് ജനങ്ങള്‍ ഇതു ചെയ്യേണ്ടിവരുന്നത്.’- മോദിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ലക്ഷ്യംവെച്ച് മഹുവ പറഞ്ഞു.
ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എം.പിമാരെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്‌നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും മഹുവ പറഞ്ഞു.
ഫാസിസത്തിന്റെ രണ്ടാമത്തെ കാരണമായി മഹുവ പറഞ്ഞത് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങള്‍ നാലുമടങ്ങ് കൂടിയെന്നും അവര്‍ പറഞ്ഞു. 2017-ല്‍ രാജസ്ഥാനില്‍ പെഹ്‌ലു ഖാന്റെയും കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയുടെയും കൊലകള്‍ അതിനുദാഹരണങ്ങളായി മഹുവ ചൂണ്ടിക്കാട്ടി. ഈ പട്ടിക അവസാനിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരാളാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യത്തിനുവേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ കാണിക്കട്ടെ. 120-ഓളം പേരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ്.
കര്‍ഷകപ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും ഊന്നിയല്ല തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും വാട്‌സാപ്പില്‍ വരുന്ന വ്യാജവാര്‍ത്തകളിലാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ നുണ ആവര്‍ത്തിച്ചുപറഞ്ഞ് അതു സത്യമാക്കുന്നുവെന്നും ഗീബല്‍സിയന്‍ സിദ്ധാന്തത്തോട് ഉപമിച്ച് മഹുവ പറഞ്ഞു.
കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബി.ജെ.പി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു അജ്ഞാതനായ ശത്രുവുണ്ടെന്നു പറഞ്ഞ് ദേശീയ സുരക്ഷയുടെ പേരില്‍ ഉപദ്രവിക്കുന്നതാണ് നാലാമത്തെ പ്രശ്‌നം. സൈനികനേട്ടങ്ങള്‍ പോലും ചിലപ്പോള്‍ ഒരാളിലേക്കു ചുരുങ്ങുന്നുവെന്ന് മോദിയെ ലക്ഷ്യംവെച്ച് അവര്‍ പറഞ്ഞു. അതേസമയം ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തില്‍ 106 മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും മതവും തമ്മില്‍ കൂടി പിണഞ്ഞു കിടക്കുകയാണെന്നാണ് അഞ്ചാമത്തെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ നിലനില്‍ക്കുന്ന 80 ഏക്കറിനേക്കാള്‍ രാമജന്മഭൂമിയുടെ 2.77 ഏക്കറിലാണ് പാര്‍ലമെന്റംഗങ്ങളുടെ ആശങ്കയെന്ന് അവര്‍ പരിഹസിച്ചു.
ബുദ്ധീജിവികളോടും കലയോടുമുള്ള വെറുപ്പാണ് ആറാമത്തെ പ്രശ്‌നം. വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നത് വര്‍ധിച്ചു. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഫണ്ട് കുറച്ചു.
ഇന്ത്യയെ കറുത്തകാലത്തേക്കു തള്ളിവിടുകയാണ്. സെക്കന്‍ഡറി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കൃത്രിമം കാണിക്കുന്നു. ചോദ്യംചോദിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
ഇലക്ടറല്‍ സംവിധാനത്തില്‍നിന്ന് സ്വാതന്ത്ര്യം ചോര്‍ന്നുപോയതാണ് ഫാസിസത്തിന്റെ അവസാനസൂചകമെന്നും അവര്‍ പറഞ്ഞു. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുന്‍പ് ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
എന്നാല്‍ തെരഞ്ഞെടുപ്പിന് ചെലവാക്കിയ 60000 കോടിയില്‍ 27000 കോടിയും ചെലവാക്കിയ ബി.ജെ.പിക്കെതിരേ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല.
യു.എസിലെ ഹോളോകോസ്റ്റ് സ്മാരകത്തില്‍ 2017-ല്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നെന്നും അതില്‍ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തനിക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മഹുവ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ബെഞ്ചിലിരിക്കുന്നതിന് മുമ്പ് രണ്ടുവരി കവിത കൂടി അവര്‍ ചൊല്ലി- ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’