|

വഖഫിലെ കയ്യാങ്കളി; കുപ്പി മേശയിലിടിച്ച് സ്വയം പരിക്കേറ്റ തൃണമൂല്‍ എം.പിക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് ബില്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്ററി സംയുക്ത സമിതി യോഗത്തിലെ കയ്യാങ്കളിയില്‍ പരിക്കേറ്റ തൃണമൂല്‍ എം.പി കല്ല്യാണ്‍ ബാനര്‍ജിക്ക് സസ്‌പെന്‍ഷന്‍. ബി.ജെ.പി നേതാക്കളുമായുള്ള തര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി മേശയിലിടിച്ച് ബാനര്‍ജി പ്രതിഷേധിച്ചിരുന്നു.

ഈ കുപ്പി ഒരു ഭാഗം കൊണ്ടാണ് അദ്ദേഹത്തിന്റ കൈക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ സമിതി യോഗം തത്ക്കാലത്തേക്ക് പിരിച്ച് വിട്ടിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഒരു ദിവസത്തേക്കാണ് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി.

വഖഫ് ബില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ച പാര്‍ലമെന്റ് സമിതിയുടെ ചെയര്‍മാനായ ബി.ജെ.പിയുടെ ജഗദാംബിക പാല്‍ സമിതി അംഗങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കമുണ്ടാവുന്നത്. തുടര്‍ന്ന് ജഗദാംപിക പാല്‍ വിരമിച്ച ജഡ്ജിമാരുടേയും മറ്റും അഭിപ്രായം കേള്‍ക്കുന്നതിനിടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

ബി.ജെ.പി എം.പിമാര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷ എം.പിമാര്‍ സമിതി ചെയര്‍മാനായ ജഗദാംപിക പാലിനെ ഭീഷണിപ്പെടുത്തിയെന്നും ഡോക്യുമെന്റ്സുകള്‍ വലിച്ച് കീറിയെന്നും ബിജെ.പിയും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി തേജസ്വി സൂര്യ ലോക്സഭ സ്പീക്കര്‍ക്ക് കത്തും അയച്ചിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ഈ വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ഉള്‍പ്പടുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

1995ലെ കേന്ദ്ര വഖഫ് നിയമത്തില്‍ നാല്‍പ്പതിലധികം ഭേദഗതികളായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതികള്‍.

Content Highlight: TMC MP Kalyan Banerji   susupended for smashing bottle in joint parlimentary committee meeting

Latest Stories

Video Stories