ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ഫേസ്ബുക്ക് ബി.ജെ.പിയെ സഹായിച്ചെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന്‍.
ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പലതും നീക്കം ചെയ്‌തെന്നും ബി.ജെ.പിയെ സഹായിക്കുന്ന നടപടിയാണ് ഫേസ്ബുക്കില്‍ നിന്നും ഉണ്ടായത് എന്നുമായിരുന്നു രാജ്യസഭയിലെ പ്രസംഗത്തിനിടെ ഡെറിക് ഒബ്രയാന്‍ പറഞ്ഞത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ സീനിയര്‍ മാനേജ്‌മെന്റ് ബി.ജെ.പിയുടെ പ്രചരണ മാനേജര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നെന്നാണ് എം.പി ആരോപിച്ചത്.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു തൃണമൂല്‍ എം.പിയുടെ പ്രസംഗം. ”നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രത്തില്‍ വായിക്കില്ല, കാരണം ഇത് ഒരു മോശം കഥയാണ് പറയുന്നത്,’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഫെയ്സ്ബുക്കിന്റെ ദല്‍ഹി ഓഫീസ് ”ഫലത്തില്‍ ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്ലായി ” പ്രവര്‍ത്തിക്കുകയായിരുന്നു.
ഫേസ്ബുക്ക് ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയുമായിരുന്നു. ഞാന്‍ ഇത് എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് പറയുന്നത്.
ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ എല്ലാം സെന്‍സര്‍ ചെയ്യുന്ന രീതിയില്‍ ഫേസ്ബുക്ക് അവരുടെ അല്‍ഗരിതം പോലും മാറ്റിയെന്നും സോഷ്യല്‍ മെസ്സേജിങ് ആപ്പായ വാട്‌സ് ആപ്പും ഇതേ രീതിയില്‍ ഉപയോഗിക്കപ്പെട്ടെന്നും തൃണമൂല്‍ എം.പി പറഞ്ഞു.
2018 സെപ്റ്റംബറില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ”ഞങ്ങള്‍ക്ക് ആവശ്യമുള്ള ഏത് സന്ദേശവും പൊതുജനങ്ങള്‍ക്ക് എത്തിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ് എന്നാണ്… മധുരമോ പുളിയോ സത്യമോ വ്യാജമോ ആകട്ടെ, ഞങ്ങള്‍ക്ക് 35 വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. അതുവഴി ഇത് ചെയ്യും”- എന്നായിരുന്നു. അത്തരത്തില്‍ ബി.ജെ.പി ചെയ്ത കാര്യങ്ങള്‍ പലതാണെന്നും പ്രസംഗത്തില്‍ എം.പി ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരാള്‍ അഞ്ച് ടെലിവിഷന്‍ ശൃംഖലകളെ നിയന്ത്രിച്ചെന്നും സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരീക്ഷിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തന്റെ പ്രസംഗത്തില്‍ ആരോപിച്ചു.