ദിസ്പൂർ: 1951ന് ശേഷം തൻ്റെ സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ വർധിച്ചുവെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി തൃണമൂൽ എം.പി സുസ്മിത ദേവ്. അസം മുഖ്യമന്ത്രി കൃത്യമല്ലാത്ത കണക്കുകൾ പറയുകയാണെന്ന് സുസ്മിത പറഞ്ഞു.
‘ജനസംഖ്യാശാസ്ത്രം മാറ്റുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാണ്. അസമിൽ മുസ്‌ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തി. 1951 ൽ ഇത് 12 ശതമാനമായിരുന്നു.’ എന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന. ബുധനാഴ്ച റാഞ്ചിയിൽ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു ഹിമന്തയുടെ ഈ പരാമർശം. അനധികൃത കുടിയേറ്റക്കാർ’ ആദിവാസി പെൺകുട്ടികളെ മിശ്രവിവാഹം ചെയ്യുന്നുവെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.
എന്നാൽ ഇതിനു പിന്നാലെ,1951ൽ അസമിലെ മുസ്‌ലിം ജനസംഖ്യ 25 ശതമാനമാണെന്നും 12 ശതമാനമല്ലെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി സുസ്മിത ദേവ് രംഗത്ത് വരികയായിരുന്നു.
‘അസം മുഖ്യമന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നു. 1952 ലെ സർക്കാർ കണക്കുകൾ പ്രകാരം മുസ്‌ലിം ജനസംഖ്യ 25 ശതമാനം ആണ്. ഇന്ത്യൻ സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടതായിരുന്നുവെന്ന് ഞാൻ അസം മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. എന്നാൽ ഇന്നുവരെ സെൻസസ് നടന്നിട്ടില്ല. പിന്നെ എങ്ങനെയാണ് 40 ശതമാനം എന്ന ഈ കണക്ക് വന്നത്?,’ സുസ്മിത ദേവ് ചോദിച്ചു.
കഴിഞ്ഞ ദിവസം നാലു ഭാര്യമാരും 36 കുട്ടികളും എന്ന രീതി അനുവദിക്കില്ലെന്നും രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ട് വരണമെന്നും രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യ പറഞ്ഞിരുന്നു. രാജ്യത്തെ ജനസംഖ്യാ വഷളായി കൊണ്ടിരിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്നും ബൽമുകുന്ദ് ആചാര്യ പറഞ്ഞിരുന്നു.
Content Highlight: TMC MP challenges Himanta’s Muslim population claims