ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. നോട്ട് നിരോധനവിഷയത്തിലും ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവിനെ അറസ്റ്റ് ചെയ്ത വിഷയത്തിലുമായിരുന്നു മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.പി രംഗത്തെത്തിയത്.
മോദിയെ പിന്തുണയ്ക്കുന്നവര്‍ അദ്ദേഹത്തെ വിളിക്കുന്നത് സിംഹം എന്നാണ്. എന്നാല്‍ മോദി ഗുജറാത്തിലുള്ള തന്റെ മാളത്തില്‍ വെറും എലിക്കുഞ്ഞായി ഒതുങ്ങിപ്പോകുന്ന കാലം വിദൂരമല്ലെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ബാനര്‍ജി വ്യക്തമാക്കുന്നു.
അതേസമയം പ്രസ്താവന വിവാദമായാലും യാതൊരു തിരുത്തിനും താന്‍ തയ്യാറാല്ലെന്നും എം.പി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്നിരുന്ന് മോദിക്ക് അനുകൂലമായി മാത്രമേ സംസാരിക്കാവൂ എന്നൊന്നും ഇല്ല. പ്രതിപക്ഷ നേതാക്കളെ ഇടിച്ചുതാഴ്ത്തുന്ന വാക്കുകള്‍ ആദ്യം ഉപയോഗിച്ച് തുടങ്ങിയത് മോദിയാണെന്നും ബാനര്‍ജി പറയുന്നു. കൊല്‍ക്കത്തയില്‍ മോദിക്കെതിരെ നടത്തിയ പ്രതിഷേധ റാലിയിലായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം. അതേസമയം പ്രധാനമന്ത്രിയെ എലിയോടുപിച്ച ഇദ്ദേഹത്തിനെതിരെ പരാതിയുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
അതേവേദിയില്‍ സംസാരിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മോദിസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ “എലി” പ്രയോഗം തന്നെ നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത് ചെളിയിലാണെന്നും അതുകൊണ്ട് തങ്ങളെ പെട്ടെന്ന് പിഴുതുകളയാമെന്നുമാണ് ബി.ജെ.പി കരുതിയിരിക്കുന്നതെന്ന് മമത പറയുന്നു.
അതുകൊണ്ട് തന്നെ ചില എലികള്‍ അതിന് ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഒരുകാര്യം മനസിലാക്കണം തൃണമൂല്‍കോണ്‍ഗ്രസ് വേരുറപ്പിച്ചിരിക്കുന്ന് നല്ല ഫലഭൂഷ്ടമായ മണ്ണിലാണ്. ഒരു എലി മാന്തിയാലും ഞങ്ങള്‍ ഇളകില്ല. കാരണം ഞങ്ങള്‍ യുദ്ധം ചെയ്യുക എലികളുമായിട്ടല്ല, കടുവകളുമായിട്ടാണ്- മമത പറയുന്നു.
മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന ആഹ്വാനവുമായി കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യവ്യാപക പ്രതിഷധമാണ് മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്.