| Monday, 15th November 2021, 7:05 pm

സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള നീക്കം; രാജ്യസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ചോദ്യം ചെയ്യപ്പെടണമെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രയാന്‍ പറഞ്ഞു.

‘ഇ.ഡി, സി.ബി.ഐ ഡയറക്ടര്‍മാരുടെ കാലാവധി 2 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി രണ്ട് നികൃഷ്ടമായ ഓര്‍ഡിനന്‍സുകളിലൂടെ നീട്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. ഇന്ത്യയെ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ രാജ്യമാക്കുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാധ്യമായതെല്ലാം ചെയ്യണം,’ ഡെറിക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

കാലാവധി നീട്ടിനല്‍കാന്‍ അനുവദിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (ഭേദഗതി), ദല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.

രണ്ട് വര്‍ഷമാണ് സി.ബി.ഐ, ഇ.ഡി ഡയറക്ടര്‍മാരുടെ നിലവിലെ കാലാവധി. രണ്ട് വര്‍ഷ കാലാവധി തീരുന്നമുറക്ക് ഓരോ വര്‍ഷം വീതം മൂന്ന് വര്‍ഷം വരെ കാലാവധി നീട്ടിനല്‍കാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം സേവന കാലയളവ് നീട്ടിനല്‍കാനാകില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: TMC moves statutory resolutions in RS against ordinances to extend tenure of ED, CBI chiefs

We use cookies to give you the best possible experience. Learn more