ന്യൂദല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കേ കോണ്‍ഗ്രസിനെ കുറിച്ച് പ്രതികരിച്ച് തൃണമൂല്‍ നേതാവും മുന്‍ ബി.ജെ.പി. മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തില്‍ ചേരാനുള്ള പക്വത കാണിക്കണമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസില്ലാത്തത് സഖ്യത്തെ ബാധിക്കില്ലേയെന്നും ഇതേ കുറിച്ച് എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു യശ്വന്ത് സിന്‍ഹ.
‘അതേ കുറിച്ച് ഞങ്ങള്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. കോണ്‍ഗ്രസ് പക്വത കാണിക്കണമെന്നും പ്രതിപക്ഷ മുന്നണിയുടെ ഭാഗമാകണമെന്നുമാണ് എനിക്ക് പറയാനുള്ളത്,’ യശ്വന്ത് സിന്‍ഹ പറഞ്ഞു.
ബി.ജെ.പി. കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ വ്യക്തമായ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
കോണ്‍ഗ്രസില്‍ പക്വതയുള്ള നിരവധി നേതാക്കളുണ്ടെന്നും അവര്‍ ഇക്കാര്യത്തെ കുറിച്ചു ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി മുന്നണി രൂപീകരിക്കാനുള്ള പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് യശ്വന്ത് സിന്‍ഹയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ അടുത്ത കാലത്തായാണ് പാര്‍ട്ടി വിട്ടത്.
ന്യൂദല്‍ഹിയില്‍ വെച്ച് ഇന്നാണ് വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള കൂടിക്കാഴ്ച നടക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചുകൊണ്ട് ബി.ജെ.പിക്കെതിരെ രംഗത്തുവരാനാകുമോയെന്ന് യോഗം ചര്‍ച്ച ചെയ്യും. 15ഓളം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഖ്യരൂപീകരണം നടത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: TMC leader Yashwant Sinha about Congress’s absence in Opposition alliance