കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് നടക്കും മുമ്പു തന്നെ പശ്ചിമബംഗാള്‍ പഞ്ചായത്തുകളില്‍ 34% സീറ്റ് ഉറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം കാരണം മറ്റുപാര്‍ട്ടികള്‍ക്ക് ഇവിടങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്.
34% ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 33% പഞ്ചായത്ത് സമിതി സീറ്റുകളിലും 25% ജില്ലാ പരിഷത്ത് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരിച്ചത്.
ബിര്‍ബൂമില്‍ ജില്ലയിലാണ് തൃണമൂല്‍ അക്രമത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത്. 42 സീറ്റുകളില്‍ 41 സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ നോമിനേഷന്‍ സമര്‍പ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നോമിനിതന്നെയാണ്.
രാഷ്ട്രീയ അക്രമങ്ങളും മത്സരമില്ലാത്ത സീറ്റുകളും പശ്ചിമബംഗാളില്‍ ആദ്യത്തെ സ്ഥിതിയല്ല. എന്നാല്‍ ഇത്രയധികം സീറ്റുകളില്‍ മത്സരമില്ലാതെ വരുന്നത് ഇതാദ്യമായാണ്. മുമ്പ് ഏറ്റവുമധികം സീറ്റുകളില്‍ മത്സരമില്ലാതെ വന്നത് 2003ല്‍ സി.പി.ഐ.എം ഭരിക്കുന്ന വേളയിലാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി മത്സരം നടക്കാത്ത സീറ്റുകളിലെ ഫലങ്ങള്‍ പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മെയ് 14നാണ് പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്നത്.