| Thursday, 18th April 2019, 11:55 am

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുപിടിച്ചെടുത്തു; ദേശീയപാതയില്‍ വോട്ടര്‍മാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പു പുരോഗമിക്കവേ പശ്ചിമബംഗാളില്‍ വ്യാപകമായ അക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തെന്നും വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഒരു കൂട്ടം വോട്ടര്‍മാര്‍ തെരുവിലിറങ്ങി.

വടക്കന്‍ ദിനാജ്പൂരിലെ ചോപ്രയിലെ ഡിഗിര്‍പര്‍ പോളിങ് ബൂത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് വോട്ടര്‍മാര്‍ പ്രതിഷേധിച്ചത്. ദേശീയപാത 34 ലെ വാഹനഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണൂര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

നേരത്തെ പശ്ചിമബംഗാളിലെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇഷ്ടികയും മറ്റുമായി അക്രമികള്‍ കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സലീം ആരോപിച്ചു. ബൂത്തിനുള്ളില്‍ ഇവര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ്. തൃണമൂല്‍ പിന്തുണയുള്ള പശുക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് തന്നെ ആക്രമിച്ചത്.

അദ്ദേഹമിപ്പോള്‍ യാതൊരു സുരക്ഷയുമില്ലാതെ ഒരു വയലില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more