| Saturday, 27th November 2021, 7:28 pm

ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കൂ, എന്നിട്ട് മറ്റ് പാര്‍ട്ടിക്കാരെ സഹകരിപ്പിക്കൂ; കോണ്‍ഗ്രസിനോട് തൃണമൂല്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമന്റിന്റെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. എന്നാല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റ് വിഷയങ്ങളില്‍ മറ്റ് പതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുമന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

നവംബര്‍ 29 ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ടി.എം.സി അറിയിച്ചു.

ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും സഹകരിക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗാര്‍ഖെ പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കികൊണ്ട് തൃണമൂലിന്റെ നിലപാട് പുറത്ത് വന്നത്.

‘ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം സ്വയം സഹകരിക്കുന്നവരായി തീരണം. അവരുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് മറ്റ് പാര്‍ട്ടിയുമായി സഹകരിക്കട്ടെ,’ പേര് വെളിപ്പെടുത്താത്ത ഒരു തൃണമൂല്‍ നേതാവ് പി.ടി.ഐയോട് പറഞ്ഞു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ക്കുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കില്ല.

ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിനോടുള്ള വിയോജിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ സംഘപരിവാറിനെ നേരിടാനുള്ള ദൃഢനിശ്ചയം അവര്‍ക്കില്ലെന്നും ടി.എം.സി നേതാവ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 29 ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ നാഷണല്‍ കോര്‍ഡിനേഷന്‍ മീറ്റിങ്ങ് വിളിച്ചുചേര്‍ക്കുമെന്നും ശീതകാല സമ്മേളനത്തിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശീതകാലസമ്മേളനത്തില്‍ ഉന്നയിക്കാനുള്ള വിഷയങ്ങള്‍ പാര്‍ട്ടികള്‍ തന്നെ തെരഞ്ഞെടുക്കണമെന്ന് ടി.എം.സി രാജ്യസഭാ പാര്‍ട്ടി നേതാവ് ഡെറിക്ക് ഒ ബ്രെയാന്‍ പറഞ്ഞു.

‘ഉദാഹരണത്തിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എം.എസ്.പി സംവിധാനത്തിനുള്ള നിയമനിര്‍മാണം, സി.ബി.ഐ, ഇ.ഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടി നല്‍കിയത്, ബി.എസ്.എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ചത്, ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് മുതലായ വിഷയങ്ങള്‍ ടി.എം.സി ഉന്നയിക്കും,’ അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tmc-cong-winter-session-skip-oppn-parties-nov

We use cookies to give you the best possible experience. Learn more