Advertisement
national news
'രാജീവ്‌ ചന്ദ്രശേഖർ, നിങ്ങൾ എന്തിനാണ് പാർലമെന്റിൽ കള്ളം പറയുന്നത്?' 8.15 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നതിൽ കേന്ദ്രത്തിനെതിരെ തൃണമൂൽ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 18, 05:43 am
Monday, 18th December 2023, 11:13 am

ന്യൂദൽഹി: ആധാർ ഡാറ്റയുടെ സുരക്ഷ സംബന്ധിച്ച് പാർലമെന്റിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് മോദി സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ്‌ എം.പി സാകേത് ഗോഖലെ.

ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാസ്പോർട്ട് വിവരങ്ങൾ ചോർത്തി വില്പനക്ക് വെച്ചതിന് ഡാർക്ക്‌ വെബിൽ നാല് പേർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സാകേതിന്റെ എക്സ് പോസ്റ്റ്‌.

‘പാർലമെന്റിൽ എന്റെ ചോദ്യത്തിന് ഉത്തരം നൽകിയ മോദി സർക്കാർ ആധാർ സുരക്ഷാ ലംഘനം നിഷേധിച്ചു. ഇപ്പോൾ ഐ.സി.എം.ആർ ഡാറ്റാ ബേസിൽ നിന്ന് ചോർത്തിയ ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ ഡാർക്ക്‌ വെബിൽ പങ്കുവെച്ചതിന് നാല് പേർ അറസ്റ്റിലായിരിക്കുന്നു.

രാജീവ്‌ ചന്ദ്രശേഖർ, നിങ്ങളുടെ മന്ത്രാലയം എന്തുകൊണ്ടാണ് പാർലമെന്റിൽ കള്ളം പറയുന്നത്? നിങ്ങൾ എന്താണ് ഒളിക്കുന്നത്?’ സാകേത് എക്സ് പോസ്റ്റിൽ കുറിച്ചു.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) ഡാറ്റാ ബാങ്കിൽ നിന്ന് വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വില്പനക്ക് വെച്ചതിന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

8.15 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇങ്ങനെ ചോർത്തിയതെന്ന് ന്യൂസ്‌18 റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ സൈബർ സെക്യൂരിറ്റി, ഇന്റലിജൻസ് ഏജൻസിയായ റീസെക്യൂരിറ്റിയാണ് വിവരങ്ങൾ ചോർന്നത് കണ്ടുപിടിച്ചത്.

റീസെക്യൂരിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്‌ എം.പി മണിക്കാം ടാഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

Content Highlight: TMC blasts Modi govt after 4 held for selling personal data on dark web: ‘Why lying in Parliament?’