കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്തയിലെ റാലിയ്ക്കിടെ സംഘര്‍ഷം. കോളജ് സ്ട്രീറ്റിനു സമീപം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം.
ബി.ജെ.പിയേയും അമിത് ഷായേയും വിമര്‍ശിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. റോഡ് ഷോയിലെ അമിത് ഷായുടെ വാഹനവ്യൂഹത്തിനുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയെന്നും ബി.ജെ.പി ആരോപിക്കുന്നു.
ഭിന്നിപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നെന്ന് പറഞ്ഞാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
റോഡ്‌ഷോയ്ക്ക് മുന്നോടിയായി സ്ഥാപിച്ച പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.
‘ഞങ്ങളുടെ പാര്‍ട്ടിയുടെ എല്ലാ പോസ്റ്ററുകളും കൊടികളും മമതാ ജിയുടെ ഗുണ്ടകള്‍ നശിപ്പിച്ചു. ഞങ്ങള്‍ ഇവിടെ എത്തിയതോടെ അവര്‍ രക്ഷപ്പെട്ടു.’ എന്നായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി ആരോപിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പു തുടങ്ങിയതിനു മുതല്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. വോട്ടെടുപ്പു നടന്ന ദിവസങ്ങളിലെല്ലാം പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ 31 സീറ്റുകളില്‍ തെരഞ്ഞെടുപ്പു ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. മെയ് 19നാണ് ശേഷിക്കുന്ന സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നത്.