ബംഗാളില്‍ ബി.ജെ.പി - തൃണമുല്‍ സംഘര്‍ഷം; ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയ ബി.ജെ.പി തൃണമുല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച്ച വൈകീട്ട് നടന്ന സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
തൃണമൂല്‍ പ്രവര്‍ത്തകനായ ഖയും മുല്ല (26), ബി.ജെ.പി പ്രവര്‍ത്തകരായ പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഖയൂമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാളുടെ ഇടതുകണ്ണില്‍ വെടിയേറ്റിരുന്നു.
ശനിയാഴ്ച വൈകിട്ട് ഏഴിന് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാര്‍ട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തപന്‍ മണ്ഡല്‍ എന്ന പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി ബി.ജെ.പി പ്രദേശിക നേതൃത്വം പറയുന്നു. അഞ്ച് പേരെ കാണാനില്ലെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ ഉടലെടുത്ത സംഘര്‍ഷമാണ് പരസ്പരം വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുന്നതിലേക്കും കൊല്ലപ്പെടുത്തുന്നതിലേക്കും എത്തിച്ചത്.